ലബനാനിലും ഗസ്സയിലും വെടിനിർത്തൽ ശ്രമം തുടരുമെന്നാവർത്തിച്ച് അമേരിക്ക; താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറല്ലെന്ന് ഹമാസ്
ലബനാനിലും ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കാൻ ഊർജിത നീക്കം തുടരുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു
തെല്‍ അവിവ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ലബനാനിലും ഗസ്സയിലും വെടിനിർത്തൽ ശ്രമം തുടരുമെന്നാവർത്തിച്ച് അമേരിക്ക. ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലബനാനോട് നിർദേശിച്ചിട്ടില്ലെന്നും യു.എസ് വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തലിന് തയാറല്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ഹമാസ്.
ലബനാനിലും ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കാൻ ഊർജിത നീക്കം തുടരുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. യു.എസ് പ്രസിഡന്‍റ് നിയോഗിച്ച മക്ഗുർക്ക്, അമോസ് ഹോസ്റ്റിൻ എന്നിവർ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട് കൈമാറി. ഇരുപക്ഷവുമായും ചർച്ച തുടരുമെന്ന് അമേരിക്ക അറിയിച്ചു. ലബനാൻ ഏകപക്ഷീയമായ വെടിനിർത്തലിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടതായ റിപ്പോർട്ട് ശരിയല്ലെന്നും യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
അതേസമയം വെടിനിർത്തലിൽ പ്രതീക്ഷയില്ലെന്നും ലബനാനിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നജിബ് മികാതി കുറ്റപ്പെടുത്തി. ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലും ഏതാനും ബന്ദികളുടെ മോചനവും എന്ന പുതിയ നിർദേശം സ്വീകാര്യമല്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് നേതാവ് സമി അബൂ സുഹ്രി പറഞു. ആക്രമണം നിർത്തി സൈന്യം പിൻവാങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിലും ലബനാനിലും നടന്ന ആക്രമണങ്ങളിൽ ഇന്നലെ എൺപതിലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ മാത്രം 55 പേരാണ് മരിച്ചത്. മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആളുകളെ പാർപ്പിച്ചിരുന്ന സ്കൂളിന്റെ കവാടത്തിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
തെക്കൻ ലബനാനിലെ കിഴക്കൻ നഗരമായ ബാൽബെക്കിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 2897 പേർ കൊല്ലപ്പെട്ടതായും 13,150 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വടക്കൻ സൈനിക കമാൻഡർക്ക് ലബനാൻ അതിർത്തിയിൽ പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു . വാഹനം അപകടത്തിൽപെട്ടാണ് പരിക്കെന്നാണ് ഇസ്രായേൽ നൽകുന്ന വിശദീകരണം. സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖ ചോർത്തിയതിന് നെതന്യാഹുവിന്‍റെ ഓഫീസിലെ ചിലർ അറസ്റ്റിലായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ സമ്പൂർണ അധിനിവേശം തുടരാനാണ് ഇസ്രായേൽ തീരുമാനമെന്ന് ധനമന്ത്രി സ്മോട്രിക് വ്യക്തമാക്കി .