ട്രംപിനെ വീഴ്ത്താൻ മിഷേൽ ഒബാമ?; മുൻ പ്രഥമ വനിത യു.എസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്

അടുത്തിടെ നടന്ന ഇപ്‌സോസ് പോളിൽ ട്രംപിനെ ഉറപ്പായും പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത് മിഷേൽ ഒബാമയായിരുന്നു.

Update: 2024-07-23 09:37 GMT
US presidential election: With Joe Biden out, can Michelle Obama run?
AddThis Website Tools
Advertising

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്ന് പിൻമാറുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി കൂടുതൽ പേരുകൾ ഉയരുന്നത്.

നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി പ്രഥമ പരിഗണനയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ട്രംപിനെ വീഴ്ത്താൻ അവർക്കാവുമോ എന്നതിൽ ഡെമോക്രാറ്റിക് വൃത്തങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ട്. മിഷേൽ ഒബാമയുടെ ജനകീയത തെരഞ്ഞെടുപ്പിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാൻ മിഷേൽ തയ്യാറായിട്ടില്ല. നേരത്തെയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് അവർ താത്പര്യമൊന്നും പ്രകടിപ്പിച്ചിട്ടില്ല.

ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് പ്രഥമ വനിതയെന്ന നിലയിൽ വലിയ ജനപ്രിയതയുള്ള വ്യക്തിയായിരുന്നു മിഷേൽ. അടുത്തിടെ നടന്ന ഇപ്‌സോസ് പോളിൽ ട്രംപിനെ ഉറപ്പായും പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത് മിഷേൽ ഒബാമയായിരുന്നു.

ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് ഈ വർഷം ആദ്യം മിഷേലിന്റെ ഓഫീസ് വ്യക്തമാക്കിയത്. രാഷ്ട്രീയം കഠിനമാണ്. അതിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവരുടെ ആത്മാവിലും രാഷ്ട്രീയമുണ്ടാകണം. അത് വളരെ പ്രധാനമാണ്. അത് എന്റെ ആത്മാവിലില്ല എന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിൽ ഒപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ മിഷേൽ പറഞ്ഞത്.

മിഷേൽ ഒബാമ മത്സരരംഗത്ത് വരുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കുമുണ്ട്. പാർട്ടിയെ ഐക്യത്തോടെ കൊണ്ടുപോവാനും മികച്ച തുടക്കം നൽകാനും കഴിയുന്ന സ്ഥാനാർഥിയാവും മിഷേൽ എന്ന് റിപ്പബ്ലിക്കൻ സെനറ്ററായ കെവിൻ ക്രാമർ ന്യൂയോർക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കമലാ ഹാരിസിന് ബരാക് ഒബാമയും സ്പീക്കർ നാൻസി പെലോസിയും ഇതുവരെ പിന്തുണ പരസ്യമാക്കിയിട്ടില്ല. ബൈഡൻ തന്റെ പ്രിയ സുഹൃത്തും പങ്കാളിയുമാണെന്ന് ഒബാമ പറഞ്ഞിരുന്നു. എന്നാൽ കമല ഹാരിസിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News