വായ്പകള്‍ തിരിച്ചടച്ചില്ല; വിജയ് മല്യക്ക് ലണ്ടനിലെ ആഡംബര വീട് നഷ്ടമായേക്കും

സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടിക്കാത്ത കേസിലാണ് നടപടി

Update: 2022-01-19 04:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോടികളുടെ വായ്പ എടുത്ത് തിരിച്ചടക്കാതെ നാടുവിട്ട കേസ് നേരിടുന്ന മദ്യവ്യവസായി വിജയ് മല്യയെ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ലണ്ടനിലെ ആഡംബര വീട്ടില്‍ നിന്ന് ഒഴിപ്പിക്കും.

സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടിക്കാത്ത കേസിലാണ് നടപടി. ആഡംബര വീട് ജപ്തി ചെയ്യാനുള്ള യുബിഎസ് ബാങ്കിന്‍റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് കോടതി നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. മല്യയ്ക്ക് ഇനി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ലണ്ടനിലെ റീജന്‍റ്സ് പാർക്കിന് അഭിമുഖമായുള്ള 18/19 കോൺവാൾ ടെറസ് ആഡംബര അപ്പാർട്ട്‌മെന്‍റ്, 'കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്' എന്നാണ് കോടതിയിൽ വിശേഷിപ്പിച്ചത്. നിലവിൽ മല്യയുടെ 95 വയസുള്ള അമ്മ ലളിതയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പെടെ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല. മല്യ കുടുംബത്തിന് 20.4 മില്യൺ പൗണ്ട് ലോൺ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റർ മാത്യു മാർഷ് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാനോ താത്കാലിക സ്റ്റേ നൽകാനോ ഉള്ള അനുമതിയും ജഡ്ജി നിരസിച്ചു. കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കാലതാമസമില്ലാതെ എൻഫോഴ്‌സ്‌മെന്‍റ് ഉത്തരവുമായി മുന്നോട്ട് പോകാനാണ് യുബിഎസ് ഉദ്ദേശിക്കുന്നതെന്ന് ഫെന്നർ മോറൻ ക്യുസി വ്യക്തമാക്കി.

വായ്പ തിരിച്ചടക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും 2019 മേയില്‍ കോടതി സമയം അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഇക്കാലയളവില്‍ ഒന്നും നടന്നില്ല. നിയമപരമായി ഈ കേസുമായി മുന്നോട്ടു പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‍ക്കെതിരായി ഇന്ത്യയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News