ഇന്തോനേഷ്യയിൽ അഗ്നിപർവത സ്‌ഫോടനം : 800 പേരെ ഒഴിപ്പിച്ചു
ദ്വീപ് നിവാസികളെ തൊട്ടടുത്തുള്ള ദ്വീപിലേക്ക് മാറ്റി പാർപ്പിച്ചു
Update: 2024-04-17 07:22 GMT
ജകാർത്ത: ഇന്തോനേഷ്യയിൽ റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് വടക്കൻ സുലവേസി പ്രവിശ്യയിലെ 800ഓളം പേരെ ഒഴിപ്പിച്ചു. റുവാങ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം ചൊവ്വാഴ്ച മുതൽ മൂന്നിലേറെ തവണ പൊട്ടിത്തെറിച്ചു. ഇതേതുടർന്ന് ജാഗ്രതാ നിർദേശം അധികൃതർ ഉയർത്തി.
രാജ്യത്ത് സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളാണ് പൊട്ടിത്തെറിക്ക് കാരണമെന്നും തുടർന്നും സ്‌ഫോടനത്തിനുള്ള സാധ്യതയുള്ളതിനാൽ എത്രയും വേഗം ദ്വീപ് നിവാസികൾ സ്ഥലം ഒഴിയണമെന്നും അധികൃതർ അറിയിച്ചു. പർവതത്തിൽ നിന്ന് നാല് കിലോമീറ്റർ പരിധിയിലുള്ള എല്ലാ പ്രവർത്തനങ്ങളും വിലക്കി. 838 പേരാണ് ദ്വീപിലെ ആകെയുള്ള താമസക്കാർ, ഇവരെയെല്ലാം തൊട്ടടുത്തുള്ള ദ്വീപിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.