ട്രംപ് 2.0യിൽ സിഎഎ തലവൻ ഇന്ത്യൻ വേരുള്ള കാഷ് പട്ടേൽ ആകുമോ; ഉറ്റുനോക്കി യുഎസ് ജനത
ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് സുപ്രധാന പദവികൾ വഹിച്ചിരുന്ന കാഷ് പട്ടേലിന് ഇക്കുറി മികച്ച പദവി ലഭിക്കുമെന്നാണ് വിവരം
വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന് പിന്നാലെ വിശ്വസ്തരായവരെ ഉന്നത ഉദ്യോഗസ്ഥ പദവികളിൽ നിയമിക്കാനുള്ള നീക്കം ട്രംപ് ഉടൻ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വേരുകളുമുള്ള കശ്യപ് കാഷ് പട്ടേൽ അടക്കമുള്ളവർ ഉന്നത പദവികളിൽ ഇടം പിടിക്കുമോ എന്നാണ് യുഎസ് ജനത ഉറ്റുനോക്കുന്നത്.
അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ സിഎഎയുടെ തലപ്പത്ത് കാഷ് പട്ടേൽ എത്തുമെന്നാണ് ചർച്ചകൾ. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് സുപ്രധാന പദവികൾ വഹിച്ചിരുന്ന കാഷിന് ഇക്കുറി മികച്ച പദവി ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവിയായിരുന്നു അദ്ദേഹം. ഇക്കുറി ട്രംപിനൊപ്പം പ്രചാരണ രംഗത്തും സജീവമായിരുന്നു.
ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് കാഷ് പട്ടേൽ. 1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ജനിച്ച പട്ടേലിൻ്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തത്.