അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ

ചൈനക്കുമേലുള്ള പകരച്ചുങ്കം 145 ശതമാനമായിട്ടാണ് ട്രംപ് ഭരണകൂടം ഉയർത്തിയിട്ടുള്ളത്

Update: 2025-04-11 13:02 GMT
അതേ നാണയത്തിൽ ചൈനയുടെ തിരിച്ചടി; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ
AddThis Website Tools
Advertising

ബീജിങ്: അമേരിക്കൻ ഉൽപ്പന്നങ്ങളുടെ അധിക തീരുവ 84 ശതമാനത്തിൽനിന്ന് 125 ശതമാനമാക്കി ഉയർത്തിയതായി ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു. ‘ചൈനയ്ക്ക് മേൽ അസാധാരണമായി ഉയർന്ന തീരുവ ചുമത്തുന്ന യുഎസ് നടപടി അന്താരാഷ്ട്ര, സാമ്പത്തിക വ്യാപാര നിയമങ്ങളുടെയും അടിസ്ഥാന സാമ്പത്തിക നിയമങ്ങളുടെയും സാമാന്യബുദ്ധിയുടെയും ഗുരുതരമായ ലംഘനമാണ്. ഇത് പൂർണമായും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലും നിർബന്ധിപ്പിക്കലുമാണ്’ -ചൈനീസ് ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

‘ചൈനയുടെ താൽപ്പര്യങ്ങൾക്ക് മേൽ കാര്യമായ രീതിയിൽ കടന്നുകയറ്റം തുടരാൻ അമേരിക്ക നിർബന്ധം പിടിച്ചാൽ, ചൈന ദൃഢനിശ്ചയത്തോടെ പ്രതികാര നടപടി സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യും. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്നത് തുടർന്നാൽ, ചൈന അത് അവഗണിക്കും’ -ചൈനീസ് ധനകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക ​പ്രഖ്യാപനത്തിന് പിന്നാലെ, ‘ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ’ ചെറുക്കുന്നതിൽ ചൈനയുമായി കൈകോർക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരത്തെ യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു. ചൈനയും യൂറോപ്പും അവരുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതികളെ സംയുക്തമായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനക്കുമേലുള്ള പകരച്ചുങ്കം 145 ശതമാനമായിട്ടാണ് ട്രംപ് ഭരണകൂടം ഉയർത്തിയിട്ടുള്ളത്. യുഎസിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതികൾക്ക് 84 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ചൈന ആദ്യം അറിയിച്ചിരുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News