'ഞങ്ങൾ വേര്‍പിരിഞ്ഞു, വിവാഹ ഫോട്ടോയെടുക്കാൻ വാങ്ങിയ പണം മുഴുവൻ തിരികെ തരണം'; യുവതിയുടെ ആവശ്യം കേട്ട് ഞെട്ടി ഫോട്ടോഗ്രാഫർ
യുവതി അയച്ച വാട്‍സ് ആപ്പ് ചാറ്റും വൈറലായി
നാല് വർഷം മുമ്പ് വളരെ ആഘോഷമായി നടത്തിയ കല്യാണം. ആ വിവാഹആഘോഷങ്ങളുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫർക്ക് ഒരു ദിവസം ഫോണിൽ ഒരു സന്ദേശം വന്നു. അത് മറ്റൊന്നുമല്ലായിരുന്നു. നാല് വർഷം മുമ്പ് നിങ്ങൾ എന്റെ വിവാഹഫോട്ടോ എടുക്കാൻ വാങ്ങിച്ച മുഴുവൻ പൈസയും തിരികെ തരണം. മെസേജ് കണ്ട് ഫോട്ടോഗ്രാഫർ ശരിക്കും ഞെട്ടി.
തമാശയാണെന്നാണ് ഫോട്ടോഗ്രാഫർ ആദ്യം കരുതിയത്. കാരണം തിരക്കിയപ്പോൾ യുവതി പറഞ്ഞ മറുപടി ഇങ്ങയായിരുന്നു. ''നിങ്ങൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. 2019 ൽ ഡർബനിൽ നടന്ന എന്റെ വിവാഹത്തിൽ എനിക്കായി ഫോട്ടോഷൂട്ട് നടത്തിയത് നിങ്ങളാണ്. എന്നാൽ ഞാൻ ഇപ്പോൾ വിവാഹമോചിതയാണ്, ആ ചിത്രങ്ങൾ എനിക്കും എന്റെ മുൻ ഭർത്താവിനും ഇനി അവ ആവശ്യമില്ല. നിങ്ങൾ അന്ന് ചെയ്തത് വലിയൊരു ജോലിയാണ്. പക്ഷേ ഞങ്ങൾ ഇപ്പോൾ വിവാഹമോചനം നേടിയതിനാൽ അന്നെടുത്ത ജോലിയെല്ലാം പാഴായി. അതുകൊണ്ട് തന്നെ നിങ്ങൾക്ക് നൽകിയ തുക എനിക്ക് തിരികെ നൽകണം. കാരണം ഞങ്ങൾക്ക് ഇനി ആ ഫോട്ടോകൾ ആവശ്യമില്ല'.
എന്നാൽ ഈ ആവശ്യം ഫോട്ടോഗ്രാഫർ നിരസിച്ചു. 'അന്ന് ഞാൻ ചെയ്ത ജോലി തിരിച്ചെടുക്കാൻ സാധിക്കാത്തത് പോലെ നിങ്ങൾക്ക് പണവും തിരിച്ചുതരാൻ പറ്റില്ല'. അയാൾ മറുപടി നൽകി. എന്നാൽ ഫോട്ടോഗ്രാഫർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിന് പുറമെ യുവതിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചു. ചാറ്റുകൾ സോഷ്യൽമീഡിയയിൽ വൈറലായി.
ഇതോടെ യുവതിയുടെ മുൻ ഭർത്താവ് ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ടു. ''ഞാൻ നിങ്ങൾ പങ്കുവെച്ച ട്വീറ്റ് കണ്ടു.. അവൾക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. ' ഇത് ലജ്ജാകരമാണെന്നും അദ്ദേഹം ഫോട്ടോഗ്രാഫറോട് പറഞ്ഞു. ഏതായാലും ട്വീറ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.