'വിശ്വസിക്കരുത്, ഇവർ നിങ്ങളോട് കള്ളം പറയുകയാണ്'; ലൈവിനിടെ റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റർ- വീഡിയോ
മറീന ഒവ്‌സിയാനിക്കോവയ്ക്ക് നന്ദി പറഞ്ഞ് യുക്രൈൻ പ്രസിഡൻറ് വ്‌ളാദിമിർ സെലൻസ്‌കിയും രംഗത്തെത്തി
റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളവെ റഷ്യന്‍ ടെലിവിഷന്‍ ചാനലില്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി യുവതി. തത്സമയ വാര്‍ത്തയ്ക്കിടെ ചാനല്‍ വണിന്‍റെ സ്ക്രീനിലാണ് ചാനലിന്‍റെ എഡിറ്റര്‍ കൂടിയായ മറീന ഒവ്സിയാനിക്കോവ എന്ന യുവതി പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്. "യുദ്ധം അവസാനിപ്പിക്കൂ. പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട് കള്ളം പറയുകയാണ്" എന്നായിരുന്നു പോസ്റ്ററിലെ സന്ദേശം. സെറ്റിലേക്ക് ഓടിക്കയറി അവതാരികയ്ക്ക് പുറകില്‍ നില്‍ക്കുകയായിരുന്നു മറീന. ഇവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലാണ് ചാനല്‍ വണ്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തത്സമയ വാര്‍ത്തയ്ക്കിടെ ഓടിക്കയറിയ മറീന യുദ്ധം അവസാനിപ്പിക്കൂ എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേസമയം, യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി മറീനയെ പ്രശംസിച്ച് രംഗത്തെത്തി. യുദ്ധവിരുദ്ധ പോസ്റ്ററുമായി ചാനല്‍ വണിന്‍റെ സ്റ്റുഡിയോയിലെത്തി പരിപാടി തടസപ്പെടുത്തിയ യുവതിക്ക് നന്ദിയറിയിക്കുന്നുവെന്നാണ് സെലന്‍സ്കിയുടെ വാക്കുകള്‍.
റഷ്യന്‍ അധിനിവേശം കുറ്റകരമാണെന്ന് പരാമര്‍ശിച്ചുകൊണ്ട് മറീന നേരത്തെ മറ്റൊരു വീഡിയോ പങ്കുവെച്ചിരുന്നു. ക്രെംലിൻ പ്രചാരണത്തിന്‍റെ ഭാഗമായി ടെലിവിഷന്‍ ചാനലിലൂടെ കള്ളം പറയുന്നതില്‍ ലജ്ജ തോന്നുന്നുവെന്നാണ് അവര്‍ ആ വീഡിയോയില്‍ വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ച മറീന അവരുടെ പിതാവ് യുക്രൈന്‍ വംശജനാണെന്നും വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോയ്ക്ക് പിന്നാലെ മറീനയ്ക്ക് പിന്തുണയുമായി നിരവധിപേരാണെത്തിയത്.