2024 വരെ ലോക ടൂറിസം മേഖല പഴയ സ്ഥിതിയിലേക്ക് മടങ്ങി വരില്ല: ലോക വിനോദസഞ്ചാര സംഘടന

കോവിഡിൻറെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ഇക്കാരണത്താല്‍ 2020-ലെ ടൂറിസം വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 72 ശതമാനം കുറഞ്ഞു

Update: 2022-01-21 02:50 GMT
Advertising

2024 വരെ ലോക ടൂറിസം മേഖല കോവിഡ് മഹാമാരിക്കു മുമ്പുള്ള അവസ്ഥയിലേക്ക്  മടങ്ങില്ലെന്ന് ലോക വിനോദസഞ്ചാര സംഘടന. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാഡ്രിഡ് ആസ്ഥാനമായുള്ള യുഎന്‍ ഏജന്‍സിയുടെ വേള്‍ഡ് ടൂറിസം ബാരോമീറ്റര്‍ പ്രകാരം 2020-ന് ശേഷം 2022-ന്റെ തുടക്കത്തില്‍ ടൂറിസം മേഖല നാല് ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ഇക്കാരണത്താല്‍ 2020-ലെ ടൂറിസം വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 72 ശതമാനം കുറഞ്ഞു.

രാജ്യങ്ങള്‍ ഒരു വീണ്ടെടുക്കലിനായി ഉറ്റുനോക്കുന്നത് ടൂറിസത്തിലേക്കാണ്. വലിയ തൊഴില്‍ മേഖലയാണ് ടൂറിസം രംഗം. പലയിടത്തും സാമ്പത്തിക മേഖലയെ ഉയര്‍ത്താന്‍ ടൂറിസത്തിന് കഴിയും. കോവിഡ് -19 എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം രംഗത്തേയാണ്. യാത്രാ നിയന്ത്രണവും ഉപഭോക്തൃ ഡിമാന്‍ഡില്‍ പെട്ടെന്നുള്ള കുറവും അന്താരാഷ്ട്ര ടൂറിസം എണ്ണത്തില്‍ ഗുരുതരമായ ഇടിവിന് കാരണമായി. ഇത് സാമ്പത്തിക നഷ്ടത്തിനും തൊഴില്‍ നഷ്ടത്തിനും കാരണമായി.

മൊബിലിറ്റി നിയന്ത്രണങ്ങള്‍, വാക്സിനേഷന്‍ നിരക്ക്, യാത്ര ചെയ്യാമെന്നുള്ള സഞ്ചാരികളുടെ ആത്മവിശ്വാസം എന്നിവ കാരണം പതിയെയാണ് ടൂറിസം മേഖല തിരിച്ചുവരുന്നതെന്ന് വിനോദസഞ്ചാര സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യൂറോപ്പിലും അമേരിക്കയിലും വിദേശ സന്ദര്‍ശകരുടെ വരവ് 2020-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യഥാക്രമം 19 ശതമാനവും 17 ശതമാനവും വര്‍ദ്ധിച്ചു. അതേസമയം, മിഡില്‍ ഈസ്റ്റില്‍, 2021-ല്‍ സഞ്ചാരികളുടെ വരവില്‍ 24 ശതമാനവും ഏഷ്യ - പസഫിക് മേഖലയില്‍ 2020 ലെ നിലവാരത്തേക്കാള്‍ 65 ശതമാനവും ഇടിവുണ്ടായെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് നോക്കിയാല്‍ 94 ശതമാനം തകര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര മേഖലയില്‍ ഈ വര്‍ഷം മികച്ച സാധ്യതകളാണ് തുറക്കപ്പെടുന്നത്.

2019-നെ കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം അന്താരാഷ്ട്ര വരവില്‍ 30 മുതല്‍ 78 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക വിനോദസഞ്ചാരം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലാവാന്‍ കുറഞ്ഞത് 2024 വരെ കാത്തിരിക്കേണ്ടതായി വരുമെന്നും ലോക വിനോദസഞ്ചാര സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News