'പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ട്'- കോവിഡ് വ്യാപനത്തിടെ പുതുവർഷത്തിൽ ഷി ജിൻപിങ്
7000ത്തിലധികം പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ശനിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
പുതുവർഷത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'കോവിഡ് പ്രതിരോധവും അതിന്റെ നിയന്ത്രണവും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ട്'- ഷി ജിൻപിങ് പറഞ്ഞു.
7000ത്തിലധികം പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ശനിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗണും ക്വാറന്റൈൻ നിയമങ്ങളും ചൈനയിൽ അവസാനിപ്പിച്ചിട്ടുണ്ട്. എങ്കിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ പുനഃസ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേസുകളുടെ എണ്ണം വർധിച്ചത്. പ്രതിദിനം 5,000 കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത്. അത്തരം സംഖ്യകൾ വളരെ കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഈ കണക്കുകൾ വ്യാജമാണെന്നും പ്രതിദിനം ഒരു ദശലക്ഷത്തിനടുത്ത് കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നുണെന്നുമാണ് ആരോപണം. ഡിസംബറിൽ 13 കോവിഡ് മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാൽ കോവിഡ്ബാധ മൂലം ചൈനയിൽ ഏകദേശം 9,000 ആളുകൾ പ്രതിദിനം മരിക്കുന്നുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ആരോഗ്യ ഡാറ്റാ സ്ഥാപനമായ എയർഫിനിറ്റിയുടെ ചില കണക്കുകൾ സൂചിപ്പിക്കുന്നത്.