സിംബാബ്‌വെ ഏറ്റവും ദുരിതപൂര്‍ണമായ രാജ്യം; ഇന്ത്യ 103ാം സ്ഥാനത്ത്
സൂചിക പ്രകാരം തൊഴിലില്ലായ്മയാണ് ഇന്ത്യയുടെ ദുരിതത്തിന് കാരണമായ ഘടകം.
ലോകത്തെ ഏറ്റവും ദുരിതപൂർണമായ രാജ്യങ്ങളുടെ പട്ടികയിൽ സിംബാബ്‌വെ ഒന്നാമത്. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (എച്ച്എഎംഐ) പ്രകാരമാണ് ഈ ആഫ്രിക്കൻ രാജ്യം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.
യുക്രൈൻ, സിറിയ, സുഡാൻ ഉൾപ്പെടെയുള്ള, യുദ്ധത്തിൽ തകർന്ന രാഷ്ട്രങ്ങളെ മറികടന്ന സിംബാബ്‌വെ പണപ്പെരുപ്പത്താൽ വലയുകയാണ്. പണപ്പെരുപ്പം രാജ്യത്ത് കഴിഞ്ഞ വർഷം 243.8 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരുന്നു. 157 രാജ്യങ്ങളാണ് ഹാങ്കെ പഠനത്തിന് വിധേയമാക്കിയത്.
'അതിശയകരമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, വിളർച്ചയുള്ള ജിഡിപി വളർച്ച എന്നിവ മൂലം, ഹാങ്കെ- 2022 വാർഷിക ദുരിത സൂചികയിൽ ലോകത്തിലെ ഏറ്റവും ദുരിതപൂർണമായ രാജ്യമായി സിംബാബ്‌വെ എത്തിനിൽക്കുന്നു. ഞാൻ കൂടുതൽ പറയേണ്ടതുണ്ടോ?'- സ്റ്റീവ് ഹാങ്കെ ട്വീറ്റ് ചെയ്തു.
രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ- പാട്രിയോട്ടിക് ഫ്രണ്ടിനെയും അതിന്റെ നയങ്ങളെയും രാജ്യത്തെ വലിയ ദുരിതത്തിലേക്ക് തള്ളിവിട്ടതിന് ഹാങ്കെ കുറ്റപ്പെടുത്തി.
വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രൈൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15ലെ മറ്റ് രാജ്യങ്ങൾ.
പട്ടികയിൽ ഇന്ത്യ 103-ാം സ്ഥാനത്താണ്. സൂചിക പ്രകാരം തൊഴിലില്ലായ്മയാണ് ഇന്ത്യയുടെ ദുരിതത്തിന് കാരണമായ ഘടകം. പട്ടികയിൽ 134-ാം സ്ഥാനത്താണ് അമേരിക്ക. അവിടെയും തൊഴിലില്ലായ്മയാണ് അസന്തുഷ്ടിയുടെ പ്രധാന കാരണം.
അതേസമയം, സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. രാജ്യത്തിന്റെ സന്തോഷകരമായ വിജയത്തിന് കാരണം കടം- ജിഡിപി അനുപാതം കുറവായതാണെന്ന് ഹാങ്കെ പറയുന്നു. വേൾഡ് ഹാപ്പിനസ് ഇൻഡെക്സ് പ്രകാരം തുടർച്ചയായി ആറ് വർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നിലനിൽക്കുന്ന ഫിൻലൻഡ് ദുരിത സൂചികയിൽ 109-ാം സ്ഥാനത്താണ്.