India
22 Feb 2024 3:42 PM GMT
റോങ്‌സൈഡിൽ ചേസ് ചെയ്ത് യു.പി പൊലീസ്; റിവേഴ്‌സെടുത്ത രക്ഷപ്പെട്ട് കാർ ഡ്രൈവർ, വൈറൽ വീഡിയോ
മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് കാർ തടഞ്ഞതെന്നും എന്നാൽ അവർ നിർത്താതെ പിറകോട്ടെടുത്ത് രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നൊരു വൈറൽ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. രാജ് നഗർ എക്സ്റ്റൻഷൻ എലിവേറ്റഡ് റോഡിൽ ഹ്യൂണ്ടായി ഐ 20 കാറിന് മുമ്പിലായി റോങ്‌സൈഡിൽ ഗാസിയാബാദ് പൊലീസ് വാഹനം ഓടിക്കുകയും അതിനനുസരിച്ച് കാർ ഡ്രൈവർ റിവേഴ്‌സെടുത്ത് പോകുകയും ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡിന്റെ മറു ഭാഗത്ത് നിന്ന് ഷൂട്ട് ചെയ്തതാണ് ദൃശ്യം.
വെള്ള ഐ 20 കാർ പൊലീസ് വാഹനത്തെ വെട്ടിച്ച് പിറകോട്ട് പോകുന്നതാണ് 47 സെക്കൻഡുള്ള വീഡിയോയിൽ കാണുന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് കാർ തടഞ്ഞതെന്നും എന്നാൽ അവർ നിർത്താതെ പിറകോട്ടെടുത്ത് രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ. തിരക്കേറിയ റോഡിലൂടെയാണ് പൊലീസ് കാറിനെ പിന്തുടർന്നും അവർ അതിവേഗത്തിൽ റിവേഴ്സ് ഡ്രൈവ് ചെയ്തതും.
'മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന ഐ-20 കാർ രാജ്‌നഗറിൽ നിന്ന് അശ്രദ്ധമായി ഓടിച്ചതായി വിവരം ലഭിച്ചു. പൊലീസ് വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ, ഡ്രൈവർ റിവേഴ്സ് ഡ്രൈവ് ചെയ്യാൻ തുടങ്ങി' അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പൊലീസ് നിമീഷ് ദശരഥ് പാട്ടീൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
'ഇന്ന്, എലിവേറ്റഡ് റോഡിലൂടെ ഒരു ഐ -20 കാർ റിവേഴ്സിൽ സഞ്ചരിക്കുന്നതും പൊലീസ് പിന്തുടരുന്നതുമായുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. . അന്വേഷണത്തിൽ ഇന്നലെ രാത്രി 9.30-10.00 ഓടെയാണ് സംഭവം നടന്നതെന്ന് കണ്ടെത്തി' പൊലീസ് കൂട്ടിച്ചേർത്തു.