Quantcast

ഇന്ത്യക്ക് പിന്തുണയുമായി മൂന്ന് രാജ്യങ്ങള്‍; സാര്‍ക് ഉച്ചകോടി റദ്ദാക്കി

MediaOne Logo

Sithara

  • Published:

    7 March 2017 5:46 PM GMT

ഇന്ത്യക്ക് പിന്തുണയുമായി മൂന്ന് രാജ്യങ്ങള്‍; സാര്‍ക് ഉച്ചകോടി റദ്ദാക്കി
X

ഇന്ത്യക്ക് പിന്തുണയുമായി മൂന്ന് രാജ്യങ്ങള്‍; സാര്‍ക് ഉച്ചകോടി റദ്ദാക്കി

8 അംഗ രാജ്യങ്ങളില്‍ 4 രാജ്യങ്ങള്‍ വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതോടെ പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി റദ്ദാക്കി

കൂടുതല്‍ രാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി റദ്ദാക്കി. ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് സാര്‍ക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ഉച്ചകോടി റദ്ദാക്കാന്‍ തീരുമാനിച്ചത്.

8 അംഗ രാജ്യങ്ങളില്‍ 4 രാജ്യങ്ങള്‍ വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതോടെ പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി റദ്ദാക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുകയായിരുന്നു . ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മേഖലയിലെ സമാധാനവും ഐക്യവും പാകിസ്താന്‍ ഇല്ലാതാക്കുകയാണെന്നും അതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആവില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി ഉച്ചകോടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഇന്ത്യ മറ്റ് അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണയറിയിച്ചാണ് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും‍‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ പാകിസ്താനെ മേഖലയില്‍ ഒറ്റപ്പെടുത്താനുള്ള നയതന്ത്രനീക്കം വിജയിച്ചതായാണ് ഇന്ത്യയുടെ വാദം. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തില്‍ ഇന്ത്യ വിശ്വസിക്കുന്നുണ്ടെങ്കിലും ഭീകരവാദ മുക്തമായ ഒരന്തരീക്ഷത്തില്‍ മാത്രമേ ഐക്യം സാധ്യമാകുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന് പുറമേ മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

TAGS :

Next Story