ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം പുന:പരിശോധിക്കും: ഇസ്രായേല്‍ പ്രധാനമന്ത്രി
ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം പുന:പരിശോധിക്കും: ഇസ്രായേല്‍ പ്രധാനമന്ത്രി
കുടിയേറ്റ വ്യാപനവുമായി ബന്ധപ്പെട്ട് ഇസ്രായേലിനെതിരെ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്‍റെ പ്രതികരണം
ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു. കുടിയേറ്റ വ്യാപനവുമായി ബന്ധപ്പെട്ട് ഇസ്രായേലിനെതിരെ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്‍റെ പ്രതികരണം. ഐക്യ രാഷ്ട്രസഭാ സംഘടനകള്‍ക്ക് ഇനിമുതല്‍ സംഭാവനകള്‍ നല്‍കില്ലെന്നും ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഫലസ്തീന്‍ അധിനിവേശ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ് UN രക്ഷാസമിതി പാസാക്കിയത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ പാസായ പ്രമേയത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്. സിറിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ മൗനം പാലിച്ച രക്ഷാസമിതിയാണ് തങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതെന്ന് കുറ്റപ്പെടുത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം ഇനി മുതല്‍ നേരത്തെ പോലെയായിരിക്കില്ലെന്നും ബന്ധം പുന:പരിശോധിക്കുമെന്നും വ്യക്തമാക്കി.
പ്രമേയം പാസായത് ഇസ്രായേലിന് നയതന്ത്ര തലത്തില്‍ കനത്ത തിരിച്ചടിയായിരുന്നു. ഇത് നെതന്യാഹു സര്‍ക്കാറിന്‍റെ നയതന്ത്ര പരാജയമാണെന്ന വിമര്‍ശം രാജ്യത്ത് ശക്തിപ്പെടുന്നതിനിടെയാണ് ഐക്യരാഷ്ട്ര സഭക്കും അംഗരാഷ്ട്രങ്ങള്‍ക്കുമെതിരെ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍ രംഗത്തു വന്നത്. ഐക്യ രാഷ്ട്രസഭാ സംഘടനകള്‍ക്ക് 8 മില്യണ്‍ ഡോളര്‍ ഇസ്രായേല്‍ സംഭാവന നല്‍കാറുണ്ടെന്നും ഇനിമുതല്‍ അത് ഉണ്ടാകില്ലെന്നും പറഞ്ഞ ബിന്യാമിന്‍ നെതന്യാഹു പക്ഷെ, ഇത് ഏതെല്ലാം സംഘടനകള്‍ക്കായിരുന്നു എന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല. പ്രമേയം പാസാക്കിയ നടപടിയെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ നേരത്തെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ന്യൂസിലന്‍ഡിലെയും സെനഗാളിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16