Quantcast

കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

MediaOne Logo

Ubaid

  • Published:

    1 July 2017 12:03 AM GMT

കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
X

കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേല്‍ കുടിയേറ്റങ്ങളെ പൂര്‍ണമായും നിരുത്സാഹപ്പെടുത്തുന്ന നിലപാട് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്

വെസ്റ്റ്ബാങ്കിലെ കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ നടപടി പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. കുടിയേറ്റങ്ങള്‍ക്ക് ട്രംപിന്റെ പച്ചക്കൊടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇസ്രായേലിനെ നിരാശപ്പെടുത്തുന്നതാണ് ട്രംപിന്റെ നിലപാട്.

വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേല്‍ കുടിയേറ്റങ്ങളെ പൂര്‍ണമായും നിരുത്സാഹപ്പെടുത്തുന്ന നിലപാട് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ പുതിയ കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം ശരിയല്ലെന്നും നടപടി പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ വിജയിപ്പിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 50 വര്‍ഷമായി കലഹിക്കുന്ന ഫലസ്തീനും ഇസ്രായേലിനും ഇടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായും, ആ ലക്ഷ്യത്തിലെത്തുന്നതിനായുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ മസം 15നാണ് ഡൊണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍, വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണത്തിന് ട്രംപ് പച്ചക്കൊടി കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇസ്രായേലിനെ നിരാശപ്പെടുത്തുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇസ്രായേല്‍ അനുകൂല നിലപാടില്‍ നിന്നും അമേരിക്ക പിന്നോട്ട് പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഇസ്രായേലിന്റെ യുഎന്‍ അംബാസിഡര്‍ ഡാനി ഡാനോന്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഇരു നേതാക്കളും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നും ഡനി ഡാനോന്‍ വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍‍ 3000 ഭവനങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ഇസ്രായേല്‍ കഴി‍ഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story