ഒരു വര്‍ഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പുസ്തകം വായിച്ച എഴുത്തുകാരി
ഒരു വര്‍ഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പുസ്തകം വായിച്ച എഴുത്തുകാരി
2012 ലാണ് എഴുത്തുകാരി കൂടിയായ ആന്‍ മോര്‍ഗാന്‍ അവരെ തന്നെ സ്വയം വെല്ലുവിളിക്കുന്നത്...
ഒരു വര്‍ഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു പുസ്തകമെങ്കിലും വായിക്കുക- 2012 ലാണ് എഴുത്തുകാരി കൂടിയായ ആന്‍ മോര്‍ഗാന്‍ അവരെ തന്നെ സ്വയം വെല്ലുവിളിക്കുന്നത്... ആ വെല്ലുവിളി അവരുടെ ആഗ്രഹ സാക്ഷാത്കാരത്തിനുള്ള വഴികൂടിയായിരുന്നു...
ലോകത്തെ 196 രാജ്യങ്ങളില്‍ നിന്നായി 196 പുസ്തകങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വായിച്ചുകഴിഞ്ഞതിന് ശേഷം തന്റെ അനുഭവങ്ങളെ പകര്‍ത്തിയെഴുതി അവര്‍ പുസ്തകരൂപത്തിലാക്കിയിട്ടുമുണ്ട്. കഴിഞ്ഞില്ല തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റ്റെഡ് ടാള്‍ക്കുകളും ഇറക്കിയിട്ടുണ്ട് ആന്‍. താന്‍ വായിച്ച പുസ്തകങ്ങളെ പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു ചാര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട് അവര്‍.
തന്റെ ബുക്ക് ഷെല്‍ഫില്‍ ഭൂരിപക്ഷവും കയ്യടക്കിയിരിക്കുന്നത് ബ്രിട്ടീഷ് എഴുത്തുകാരുടെയോ അമേരിക്കന് എഴുത്തുകാരുടെയോ പുസ്തകങ്ങളാണ് എന്ന തിരിച്ചറിവാണ് ലോകത്തെ വായിക്കുക എന്ന ആനിന്റെ ഉദ്യമത്തിന് പിറകിലുള്ളത്. വെല്ലുവിളി അധികഠിനം തന്നെയായിരുന്നു.. ഒരാഴ്ച നാലു പുസ്തകങ്ങള്‍ എന്നതായിരുന്ന വായനയുടെ ശരാശരി കണക്ക്. ഇതിനായി ദിവസം മുഴുവന്‍ നീക്കിവെക്കുക എന്നതായിരുന്നു മുന്നിലുള്ള പ്രധാന തടസ്സം. ഓരോ രാജ്യത്തെയും ഇംഗ്ലീഷ് പരിഭാഷ പുസ്തകങ്ങളെയാണ് തിരഞ്ഞ് കണ്ടുപിടിച്ചത്. അതിന് ഒരു എളുപ്പവഴിയും ഞാന്‍ കണ്ടെത്തിയിരുന്നു. കാരണം ബ്രിട്ടണില്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന 4.5 ശതമാനം പുസ്തകങ്ങളും ഇതരരാജ്യത്തെ എഴുത്തുകാരുടേതാണ്.
പുസ്തങ്ങള്‍ കണ്ടെത്തിത്തരാനായി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ആനിന്റെ ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് അമ്പരപ്പിക്കുന്ന പ്രതികരണമാണുണ്ടായത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ പുസ്തങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടും, പുസ്തകങ്ങള്‍ തന്നെ അയച്ചുകൊടുത്തുകൊണ്ടും അവര്‍ക്കൊപ്പം നിന്നു. നിങ്ങള്‍ക്ക് ലോകത്തെ വായിക്കണമെങ്കില്‍ തുറന്ന മനസ്സോടെ അതിന് സജ്ജരായാല്‍ മാത്രം മതി, ലോകം നിങ്ങളെ സഹായിക്കുമെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ വിശദീകരിക്കുന്നു.
പക്ഷേ വായനക്കിടയില്‍ ഇടയ്ക്ക് ഒന്ന് പെട്ടു ആന്‍. ആഫ്രിക്കന്‍ ദ്വീപുകളിലെ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന സഓ ടോമിലെയും പ്രിന്‍സിപിലെയും പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ മാസങ്ങളോളം ശ്രമിച്ചിട്ടും ആനിന് കിട്ടിയില്ല. തനിക്ക് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിത്തരാന്‍ തയ്യാറുള്ള ആരെങ്കിലുമുണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം. ട്വിറ്ററിലും ഫെയ്സ്ബുക്കിലും സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പോര്‍ച്ചുഗീസ് ഭാഷയറിയുന്ന ഒമ്പതുപേരാണ് സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് അവരെ സമീപിച്ചത്. ആറ് ആഴ്ചയ്ക്കുള്ളില്‍ ആ രാജ്യത്തെ ചെറുകഥകളുടെ ഒരു സമാഹാരം ആനിനെ തേടിയെത്തി.
തന്റെ ലക്ഷ്യം നേടാന്‍ സഹായിച്ചത് ഇന്റര്‍നെറ്റ് ആണെന്നും പറയുന്ന അവര്‍ അതിന് ഇന്റര്‍നെറ്റിന് നന്ദിയും പറയുന്നു.
Adjust Story Font
16