യമനില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍
യമനില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍
ബുധനാഴ്ച അര്‍ധരാത്രി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക എന്ന് യമനിലേക്കുള്ള യുഎന്‍ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് പറഞ്ഞു.
യമനില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക എന്ന് യമനിലേക്കുള്ള യുഎന്‍ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നിബന്ധനകള്‍ പാലിക്കാന്‍ വിമതര്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ അതിന് സന്നദ്ധമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിഘടനവാദികളുടെ വാഗ്ദാന ലംഘനം തങ്ങള്‍ ഭയപ്പെടുന്നുവെന്നും അല്‍ജുബൈര്‍ ആശങ്ക അറിയിച്ചു. സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് ഹാദി മന്‍സൂറും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇരു കക്ഷികളും വെടിനിര്‍ത്തല്‍ പാലിക്കുകയാണെങ്കില്‍ സമയം ദീര്‍ഘിപ്പിക്കാനും ഐക്യരാഷ്ട്രസഭക്ക് ഉദ്ദേശമുണ്ട്. പരസ്പര ആക്രമണം അവസാനിപ്പിച്ച് സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം കാണാനുള്ള വഴി ആരായണമെന്നും യുഎന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹൂതി വിമതര്‍ സന്‍ആയിലെ തങ്ങളുടെ ആസ്തികള്‍ ലേലത്തില്‍ വില്‍ക്കുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരാജയത്തിന്റെയും തലസ്ഥാനം കൈയൊഴിയേണ്ടിവരുമെന്ന ധാരണയുടെയും അടിസ്ഥാനത്തിലാണ് ഹൂതികളുടെ പുതിയ നീക്കം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ഉള്‍പ്പെടെയുള്ള ആസ്തികള്‍ ലേലത്തില്‍ വില്‍ക്കുന്നതെന്നാണ് ഹൂതികളുടെ ഭാഷ്യം.
Adjust Story Font
16