ഫ്ളൈ ദുബൈ വിമാനത്തിന്റെ ബ്ളാക്ക് ബോക്സുകളില്‍ നിന്ന് വിവര ശേഖരണം തുടങ്ങി
ഫ്ളൈ ദുബൈ വിമാനത്തിന്റെ ബ്ളാക്ക് ബോക്സുകളില്‍ നിന്ന് വിവര ശേഖരണം തുടങ്ങി
റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ തകര്‍ന്നുവീണ ഫ്ളൈ ദുബൈ വിമാനത്തിന്റെ ബ്ളാക്ക് ബോക്സുകളില്‍ നിന്ന് വിവര ശേഖരണം തുടങ്ങി.
റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ തകര്‍ന്നുവീണ ഫ്ളൈ ദുബൈ വിമാനത്തിന്റെ ബ്ളാക്ക് ബോക്സുകളില്‍ നിന്ന് വിവര ശേഖരണം തുടങ്ങി. റോസ്തോവില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെത്തിയ ബ്ളാക്ക് ബോക്സുകള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. വിമാനം തകര്‍ന്നുവീഴുന്നത് വരെയുള്ള വിവരങ്ങള്‍ ബ്ളാക്ക് ബോക്സുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ഫൈ്ളറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയിസ് റെക്കോഡറുമാണ് ബ്ളാക്ക് ബോക്സുകള്‍ എന്നറിയപ്പെടുന്നത്. അപകടത്തില്‍ രണ്ടിന്റെയും പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഫൈ്ളറ്റ് ഡാറ്റ റെക്കോഡര്‍ തുറന്നപ്പോള്‍ കേബിളിന് തകരാര്‍ സംഭവിച്ചതായി കണ്ടു. കേബിള്‍ മാറ്റി സ്ഥാപിച്ച ശേഷം റെക്കോഡര്‍ ഓണാക്കുകയും വിവരങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി റഷ്യന്‍ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ പരിശോധിച്ച് അപകട കാരണത്തെക്കുറിച്ച് അനുമാനത്തിലെത്താന്‍ ഒരു മാസത്തോളം വേണ്ടി വരുമെന്നാണ് കരുതുന്നത്. പൈലറ്റുമാരുടെ സംഭാഷണം അടക്കം മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തപ്പെട്ടതിനാല്‍ അപകട കാരണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കും. റഷ്യന്‍ വിഗദ്ധര്‍ക്കൊപ്പം യു.എ.ഇ, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘവും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. യു.എ.ഇയില്‍ നിന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വിമാനാപകട അന്വേഷണ വിഭാഗത്തിലെ വിഗദ്ധരാണുള്ളത്.
പ്രധാനമായും മൂന്ന് കാരണങ്ങളാണ് അപകടത്തിനിടയാക്കിയതായി പരിഗണിക്കപ്പെടുന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍, പ്രതികൂല കാലാവസ്ഥ, മാനുഷിക പിഴവ്. ഭീകരാക്രമണം ആകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നു. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം മോശം കാലാവസ്ഥ മൂലം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. മോശം കാലാവസ്ഥ നിലനിന്നിരുന്നുവെങ്കില്‍ മറ്റൊരു വിമാനത്താവളത്തിലേക്ക് പറത്താന്‍ ശ്രമിക്കാതെ പൈലറ്റ് എന്തുകൊണ്ട് വിമാനം നിലത്തിറക്കാന്‍ ശ്രമിച്ചുവെന്നത് ചോദ്യചിഹ്നമാണ്. ഫ്ളൈ ദുബൈ വിമാനത്തിന് മുമ്പ് റോസ്തോവിലെത്തിയ മറ്റൊരു വിമാനം പല തവണ ലാന്‍ഡിങ് ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
Adjust Story Font
16