കശ്‍മീര്‍ ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടേതായിരിക്കും: സുഷമ
കശ്‍മീര്‍ ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടേതായിരിക്കും: സുഷമ
യുഎന്നില്‍ വിവിധ രാജ്യങ്ങളുമായി വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നടത്തിയ ഉഭയകക്ഷി ചർച്ചകളില്‍ ഇന്ത്യൻ നിലപാടിന് അംഗീകാരം ലഭിച്ചതായാണ് സൂചന
ഭീകരവാദം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 'തീവ്രവാദം വിതക്കുന്നവര്‍ വിനാശം കൊയ്യുന്നു. ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ അണിചേരാത്ത രാജ്യങ്ങളെ ഞങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും സുഷമ യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറയുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ബലൂചിസ്താനിലേക്ക് നോക്കണം. സമകാലിക യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് യുഎന്‍ ഘടനയിലും നയത്തിലും മാറ്റം വരുത്തണമെന്നും സുഷമ പറഞ്ഞു. കശ്മീർ വിഷയത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് മറുപടിയായിട്ടാണ് സുഷമയുടെ പ്രസംഗം.
കശ്മീരിലെ മനുഷ്യവകാശ ലംഘനത്തെ കുറിച്ച് യുഎന്നില്‍ പ്രസംഗിച്ച പാക് പ്രധാനമന്ത്രി ബലൂചിസ്താനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാവണമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഹിന്ദിയിലായിരുന്നു സുഷമ സ്വരാജിന്റെ പ്രസംഗം. പ്രതീക്ഷിച്ച് പോലെ പ്രസംഗത്തിന്റെ മുഖ്യഭാഗം ഭീകരതയും ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താനുമായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ സുഷമ കശ്മീര്‍ എന്ന സ്വപ്നം പാകിസ്താന്‍ ഉപേക്ഷിക്കണമെന്നും പറഞ്ഞു. കശ്‍മീര്‍ ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടേതായിരിക്കുമെന്നും സുഷമ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് യുഎന്നില്‍ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ബലൂചിസ്താനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സുഷമ ചോദിച്ചു.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ അണിചേരാത്ത രാജ്യങ്ങളേതെന്ന് തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും വേണം. 1945 ലെ നയങ്ങളില്‍ നിന്നും ഘടനയില്‍ നിന്നും യുഎന്‍ മാറണമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെയും താല്‍കാലികാംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളാന്‍ യുഎന്‍ തയ്യാറാവണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ന്യുയോര്‍ക്കിലെത്തിയിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നിലപാടുകളെ യുഎൻ പൊതുസഭയിൽ സുഷമ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തിനു തൊട്ടുടനെയാണ് വിദേശ കാര്യ മന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്.കശ്മീരിലേക്ക് വസ്തുതാന്വേഷണ സമിതിയെ അയക്കണമെന്നതടക്കം പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് യുഎന്‍ പ്രസംഗത്തിലുന്നയിച്ച ആവശ്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ശെരീഫിന്റെ വാദങ്ങള്‍ക്ക് യുഎന്‍ പൊതുസഭയില്‍ മറുപടി പറയുന്നത് വിപരീത ഫലം ചെയ്യുമോ എന്ന ആശങ്കയും നയതന്ത്ര വൃത്തങ്ങള്‍ക്കുണ്ടായിരുന്നു. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം യുഎന്‍ രക്ഷാസമിതി പുനസംഘടന തുടങ്ങിയ വിഷയങ്ങളും ഇന്ത്യ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
Adjust Story Font
16