Quantcast

ഫ്രാന്‍സില്‍ ബുര്‍ക്കിനി വിവാദം ശമിപ്പിക്കാന്‍ ചര്‍ച്ച

MediaOne Logo

Alwyn K Jose

  • Published:

    30 Oct 2017 5:20 PM GMT

ഫ്രാന്‍സില്‍ ബുര്‍ക്കിനി വിവാദം ശമിപ്പിക്കാന്‍ ചര്‍ച്ച
X

ഫ്രാന്‍സില്‍ ബുര്‍ക്കിനി വിവാദം ശമിപ്പിക്കാന്‍ ചര്‍ച്ച

നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിയെ ചൊല്ലി ഫ്രാന്‍സില്‍ ആരംഭിച്ച പ്രതിഷേധം ശമിപ്പിക്കാന്‍ രാജ്യത്തെ മുസ്‌ലിം നേതാക്കള്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടത്തി.

നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിയെ ചൊല്ലി ഫ്രാന്‍സില്‍ ആരംഭിച്ച പ്രതിഷേധം ശമിപ്പിക്കാന്‍ രാജ്യത്തെ മുസ്‌ലിം നേതാക്കള്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടത്തി. രാജ്യത്തെ ഭരണകൂടവും മുസ്‌ലിങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരു സ്വതന്ത്ര സംവിധാനം രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.

ബീച്ചുകളില്‍ ബുര്‍ക്കിനി നിരോധിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഉടലെടുത്ത പ്രതിഷേധം ബുര്‍ക്കിനിക്ക് താത്ക്കാലിക അനുമതി നല്‍കിയിട്ടും അടങ്ങിയിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായി മുസ്‌ലിം നേതാക്കള്‍ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ ജീന്‍ പെറി ഷെവന്‍മെന്‍റിന്‍റെയും മുസ്‌ലിം സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഫ്രഞ്ച് കൌണ്‍സില്‍ പ്രസിഡന്‍റ് അനോര്‍ കിബെച്ചിന്‍റെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രശ്നത്തെ ഗൌരവത്തോടെയാണ് സര്‍ക്കാരും കാണുന്നത്. ഇതേ തുടര്‍ന്നാണ് രാജ്യത്തെ മുസ്‌ലിംകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സ്വതന്ത്ര സംവിധാനം രൂപീകരിക്കാന്‍ ധാരണയായത്.

ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫ്രാന്‍സിലെ പരമോന്നത കോടതി വെള്ളിയാഴ്ചയാണ് താത്ക്കാലികമായി റദ്ദാക്കിയത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ബുര്‍ക്കിനി നിരോധിക്കുന്നതിനായി നിയമം ഭേദഗതി ചെയ്യുമെന്ന മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. എന്നാല്‍ ബുര്‍ക്കിനി നിരോധിക്കുന്നത് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന അഭിപ്രായമാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രിക്കുള്ളത്.

TAGS :

Next Story