ബ്രസല്‍സ് സ്ഫോടനം: വീഴ്‍ച സമ്മതിച്ച് ബെല്‍ജിയം
ബ്രസല്‍സ് സ്ഫോടനം: വീഴ്‍ച സമ്മതിച്ച് ബെല്‍ജിയം
ചാവേര്‍ സ്ഫോടനം നടത്തിയ സഹോദരന്‍മാരിലൊരാളായ ഇബ്റാഹീം അല്‍ ബക്റൂവിയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് തുര്‍ക്കി പിടികൂടിയിരുന്നു
ബ്രസല്‍സ് ആക്രമണത്തിലെ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ബെല്‍ജിയം സമ്മതിച്ചു. ആക്രമണത്തില്‍ ചാവേറായ ഇബ്രാഹിം അല്‍ ബക്രൂയിയെ കുറിച്ചുള്ള തുര്‍ക്കിയുടെ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.
വീഴ്ച സമ്മതിച്ച ആഭ്യന്തര, നിയമ മന്ത്രിമാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രധാനമന്ത്രി അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ സ്ഫോടനം നടത്തിയ സഹോദരന്‍മാരിലൊരാളായ ഇബ്റാഹീം അല്‍ ബക്റൂവിയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് തുര്‍ക്കി പിടികൂടിയിരുന്നു. ഇയാളെ പിന്നീട് നെതര്‍ലാന്‍റ്സിലേക്ക് നാടുകടത്തിയ കാര്യം തുര്‍ക്കിയിലെ ബെല്‍ജിയന്‍ എംബസിയില്‍ അറിയിച്ചിരുന്നെന്നായിരുന്നു ഉര്‍ദുഗാന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാളെ കുറിച്ച് യാതൊരു അന്വേഷണവും ബെല്‍ജിയം നടത്തിയില്ലെന്നുമുള്ള ആരോപണം തുര്‍ക്കി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇബ്രാഹിം അല്‍ ബക്രൂയി നെതര്‍ലാന്‍റ്സില്‍ നിന്നും ബെല്‍ജിയത്തിലെത്തിയത് എങ്ങനെയെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബല്‍ജിയം പൊലീസ് ഇന്നലെ വ്യാപകമായ റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തവര്‍ക്ക് സ്ഫോടനവുമായുള്ള ബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്ക് പറ്റിയവരില്‍ 63 പേരുടെ പരിക്ക് ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാസംവിധാനങ്ങളില്‍ പൊലീസ് അല‍്പം അയവ് വരുത്തിയിട്ടുണ്ട്. ശക്തമായ സുരക്ഷയോടെ വിമാനത്താവളവും മെട്രോസ്റ്റേഷനും ഉടന്‍തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16