Quantcast

കുടിയേറ്റം: യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെതിരെ ഗ്രീസില്‍ പ്രതിഷേധ റാലി

MediaOne Logo

Ubaid

  • Published:

    19 Dec 2017 1:45 PM GMT

കുടിയേറ്റം: യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെതിരെ ഗ്രീസില്‍ പ്രതിഷേധ റാലി
X

കുടിയേറ്റം: യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെതിരെ ഗ്രീസില്‍ പ്രതിഷേധ റാലി

ഏതന്‍സിലെ യൂറോപ്യന്‍യൂണിയന്‍ ഓഫീസുകളിലേക്കും അമേരിക്കന്‍ എംബസിക്ക് നേരെയുമായിരുന്നു പ്രതിഷേധ മാര്‍ച്ച്.

കുടിയേറ്റ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഗ്രീസില്‍ പ്രതിഷേധ റാലി. ഗ്രീസിലെ ഇടതുപക്ഷ പാര്‍ട്ടികളും സമാധാന സംഘടനകളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

ഏതന്‍സിലെ യൂറോപ്യന്‍യൂണിയന്‍ ഓഫീസുകളിലേക്കും അമേരിക്കന്‍ എംബസിക്ക് നേരെയുമായിരുന്നു പ്രതിഷേധ മാര്‍ച്ച്. രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കു പകരമായി അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സിറിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും ഇടപെടല്‍ നിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇവിടങ്ങളിലെ സൈനിക നടപടി മൂലമാണ് ആ പ്രദേശങ്ങളിലുള്ളവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വരുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ യൂറോപ്പിലെത്തിയിട്ടുള്ളത്. ഇവരെ കൃത്യമായി പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണം. അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണം. ഗ്രീസിലുള്ള പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ താല്‍ക്കാലിക ടെന്റുകളിലാണ് കഴിയുന്നത്. ഇവിടങ്ങളിലെ ജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിഷേധക്കാര‍് പറയുന്നു. അതിര്‍ത്തികള്‍ തങ്ങള്‍ക്ക് മുന്നില്‍ തുറന്നുതരാനാണ് അഭയാര്‍ഥികള്‍ പറയുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

TAGS :

Next Story