സിറിയന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി
സിറിയന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി
സമാധാനചര്‍ച്ചകളില്‍ തല്‍ക്കാലം പങ്കെടുക്കുന്നില്ലെന്ന് വിമതരും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമിടാന്‍ ഐക്യരാഷ്ട്രസഭയും തീരുമാനിച്ചത്...
സിറിയന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള സമാധാനചര്‍ച്ച വഴിമുട്ടി. ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് സിറിയന്‍ പ്രതിപക്ഷ കക്ഷികള്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. സമാധാനചര്‍ച്ചകളില്‍ തല്‍ക്കാലം പങ്കെടുക്കുന്നില്ലെന്ന് വിമതരും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമിടാന്‍ ഐക്യരാഷ്ട്രസഭയും തീരുമാനിച്ചത്.
സിറിയന്‍ സമാധാന ചര്‍ച്ചകളിലെ തടസങ്ങള്‍ തന്നെയാണ് ചര്‍ച്ചയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ യുഎന്‍ സംഘത്തെ പ്രേരിപ്പിച്ചത്. ചര്‍ച്ചയിലെ ഔദ്യോഗിക പങ്കാളിത്തം തല്‍ക്കാലം നീട്ടിവെക്കുകയാണെന്നറിയിച്ച ഐക്യരാഷ്ട്രസഭ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്റ്റുറ ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാനായി ജനീവയിലെത്തിയ തങ്ങളുടെ പ്രതിനിധികള്‍ അവിടെ തുടരുമെന്നും അറിയിച്ചു.
സിറിയയില്‍ പുതിയ ഭരണ ഘടന പ്രാബല്യത്തില്‍ കൊണ്ടുവരാനും രാഷ്ട്രീയമാറ്റത്തിനുമായി ആഗസ്ത് വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്നും സ്റ്റഫാന്‍ ഡി മിസ്റ്റുറ പ്രതീക്ഷ പ്രകടിപ്പിച്ചു. അഞ്ചു വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാഷ്ട്രീയപരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഒരാഴ്ചക്കകം ഫലം കാണുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തലിന് ശേഷവും സിറിയയിലെ ബശാര്‍ അല്‍ അസദിന്റെ സര്‍ക്കാര്‍ ആക്രമണം തുടരുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷം ചര്‍ച്ച നടത്താനാകില്ലെന്ന് അറിയിച്ചു. സിറിയയില്‍ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവത്തോടെ ചിന്തിക്കുന്നതുവരെ സമാധാനചര്‍ച്ച നിര്‍ത്തിവെക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് സിറിയയിലെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
സിറിയയിലെ അസദ് സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടിലാണ് വിമതര്‍.
Adjust Story Font
16