ഒപെക് എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കുന്നു; എണ്ണവില കുത്തനെ ഉയരും
ഒപെക് എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കുന്നു; എണ്ണവില കുത്തനെ ഉയരും
പ്രതിദിനം 13 ലക്ഷം ബാരല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് യോഗത്തില്‍ തീരുമാനമായി.
എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് നേതൃയോഗം തീരുമാനിച്ചു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് പ്രതിദിന ഉല്‍പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ കുറവ് വരുത്താന്‍ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചത്. ഒപെക് തീരുമാനത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 10 ശതമാനം ഉയര്‍ന്നു.
ഉല്‍പാദനം കുറക്കാനുള്ള ഒപെക് തീരുമാനം വന്ന ഉടന്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 50 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നു. പ്രതിദിന ഒപെക് ഉല്‍പാദനം 32.5 ദശലക്ഷം ബാരലായി നിജപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത് വിയന്നയില്‍ ചേര്‍ന്ന ഒപെക് നേതൃയോഗമാണ്. പിന്നിട്ട എട്ടു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് കൂട്ടായ്മ തീരുമാനിക്കുന്നത്. ഉല്‍പാദനം കുറക്കുന്നതു സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു. ഇത് വിപണിയില്‍ വീണ്ടും എണ്ണവില കുത്തനെ ഇടിയാനും കാരണമായി. എന്നാല്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ എണ്ണ ഉല്‍പാദനം കുറക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഒപെക് രാജ്യങ്ങള്‍ സമവായത്തിലെത്താന്‍ നിര്‍ബന്ധിതമായത്.
സൗദി അറേബ്യ, ഇറാഖ്. ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലായിരുന്ന ഭിന്നത മൂര്‍ഛിച്ചത്. ഇറാന്റെ കാര്യം പ്രത്യേകമായി പരിഗണിച്ച് അവരുടെ പ്രതിദിന ഉല്‍പാദനം 39 ലക്ഷം ബാരലായി ഉയര്‍ത്തുന്നതിനെ ഒടുവില്‍ സൗദിയും പിന്തുണച്ചു. ഇതോടൊപ്പം ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പാദനത്തില്‍ പ്രതിദിനം 6 ലക്ഷം ബാരല്‍ കുറക്കാനും ധാരണ രൂപപ്പെട്ടേക്കും. വിപണിയില്‍ എണ്ണവില ഏറ്റവും ചുരുങ്ങിയത് ബാരലിന് 60 ഡോളറായെങ്കിലും ഉയരാന്‍ ഒപെക് തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16