സിറിയയില്‍ വിമതര്‍ക്ക് തിരിച്ചടി; അലെപ്പോ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്
സിറിയയില്‍ വിമതര്‍ക്ക് തിരിച്ചടി; അലെപ്പോ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്
റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് നിര്‍ണായക പ്രദേശങ്ങള്‍ വിമതരില്‍ നിന്ന് തിരിച്ചുപിടിച്ചത്.
വിമത നിയന്ത്രണത്തിലായിരുന്ന അലപ്പോയിലെ ഭൂരിഭാഗം പ്രദേശവും പിടിച്ചെടുത്തതായി സിറിയന്‍ സൈന്യം സ്ഥിരീകരിച്ചു. അലപ്പോയുടെ വടക്കന്‍ മേഖലയിലുള്ള ഏതാനും പ്രദേശങ്ങളാണ് സൈന്യം പിടിച്ചെടുത്തത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന ശൈഖ് ഫാരിസ് ജില്ല കുര്‍ദിഷ് സേനയും പിടിച്ചെടുത്തു.
റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് നിര്‍ണായക പ്രദേശങ്ങള്‍ വിമതരില്‍ നിന്ന് തിരിച്ചുപിടിച്ചത്. വടക്കന്‍ മേഖലയിലെ സഖൂര്‍, ഹൈദരിയ, ശൈഖ് ഖുദ്ര്‍ എന്നീ പ്രദേശങ്ങളിലാണ് വിമതര്‍ കനത്ത തിരിച്ചടി നേരിട്ടത്. ഇതോടെ കിഴക്കന്‍ അലപ്പോയുടെ വടക്കന്‍ മേഖലകളില്‍ വിമതര്‍ക്കുണ്ടായിരുന്ന സ്വാധീനം നഷ്ടമായി. കുര്‍ദ് സേനയും വിമതര്‍ക്കെതിരായ നീക്കം ശക്തമാക്കിയിട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന ശൈഖ് ഫാരിസ് ജില്ല കുര്‍ദിഷ് സേന പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. 2012ല്‍ അലപ്പോ പിടിച്ചെടുത്തതിന് ശേഷം വിമതര്‍ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.
ബഷാര്‍ അല്‍ അസദ് സര്‍ക്കാരുമായി കുര്‍ദിഷ് സേന ഔദ്യോഗികമായി സഖ്യത്തില്‍ അല്ലെങ്കിലും വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ കുര്‍ദുകള്‍ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പാണ് അലപ്പോയില്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരായ നടപടി ശക്തമാക്കിയത്. ശനിയാഴ്ച മുതല്‍ ഇതുവരെ അലപ്പോ നഗരത്തിന്‍റെ 30 ശതമാനം ഭാഗം വിമതര്‍ക്ക് നഷ്ടമായെന്നാണ് കണക്ക്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ പ്രവിശ്യകളായി വിഭജിച്ച് നിയന്ത്രണവിധേയമാക്കുകയാണ് സൈന്യത്തിന്‍റെ അടുത്ത ലക്ഷ്യം.
Adjust Story Font
16