Quantcast

ഇറാഖില്‍ ഐഎസ് ആക്രമണം: 160 മരണം

MediaOne Logo

Sithara

  • Published:

    15 April 2018 1:29 PM GMT

ഇറാഖില്‍ ഐഎസ് ആക്രമണം: 160 മരണം
X

ഇറാഖില്‍ ഐഎസ് ആക്രമണം: 160 മരണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. 2007ന് ശേഷം ഇറാഖില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ നടന്നത്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 160 കടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. 2007ന് ശേഷം ഇറാഖില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ നടന്നത്.

ബഗ്‌ദാദിലെ കറദ ജില്ലയിലെ കച്ചവടകേന്ദ്രത്തിലായിരുന്നു ആദ്യസ്ഫോടനം. സ്ഫോടകവസ്‌തുക്കൾ നിറച്ച കാര്‍ ഉപയോഗിച്ചാണ് ചാവേർ സ്ഫോടനം നടത്തിയത്. തൊട്ടുപിന്നാലെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. ആക്രമണത്തില്‍ 167 പേര്‍ കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക കണക്കുകള്‍. 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റമദാന്‍ മാസമായതിനാൽ നോമ്പു തുറയ്ക്കുശേഷം ഷോപ്പിങ് കേന്ദ്രത്തില്‍ നിരവധിയാളുകള്‍ കുടുംബമായെത്തിയിരുന്നു. മാളിലെ വിനോദപരിപാടികൾ നടക്കുന്ന ഹാളിലുണ്ടായിരുന്നവരാണു കൊല്ലപ്പെട്ടവരിലേറെയും.

തൊട്ടുപിന്നാലെ സദർ നഗരത്തിനു സമീപം ഷാബ് മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഏഴുപേരും കൊല്ലപ്പെട്ടു. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് രണ്ട് ആക്രമണങ്ങളും നടന്നത്. ആക്രമണം നടന്നതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐഎസ് അറിയിച്ചു. ഫലൂജ അടക്കുമുള്ള പ്രദേശങ്ങള്‍ ഐഎസില്‍ നിന്ന് തിരിച്ചുപിടിച്ചതിനുള്ള പ്രതികാരനടപടിയാണ് ആക്രമണമെന്നാണ് സൂചന. കറദയിലെ സംഭവസ്ഥലം സന്ദർശിച്ച ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി മൂന്ന് ദിവസത്തെ ഒദ്യോഗിക ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലുകളും ചെരിപ്പുകളും കുപ്പികളും വലിച്ചെറിഞ്ഞു. ഐഎസ് നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങൾ ചെറുക്കാൻ സർക്കാരിന് കഴിയാത്തതിൽ ജനരോഷം ശക്തമായിട്ടുണ്ട്. യുഎന്‍ കണക്കുകള്‍ പ്രകാരം ഈ ജൂണില്‍ മാത്രം 662 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഐഎസ് നിയന്ത്രണത്തിലായിരുന്ന ഫലൂജ കഴിഞ്ഞയാഴ്ച മോചിപ്പിക്കാൻ കഴിഞ്ഞെങ്കിലും വൻനഗരമായ മൊസൂൾ അടക്കം രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ മേഖലകൾ ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്.

TAGS :

Next Story