റോഹിങ്ക്യകള്‍ക്കെതിരെ അതിക്രൂരമായ വംശഹത്യ ഇപ്പോഴും തുടരുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
റോഹിങ്ക്യകള്‍ക്കെതിരെ അതിക്രൂരമായ വംശഹത്യ ഇപ്പോഴും തുടരുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
മ്യാന്മറിലെ രാഖൈനില്‍ റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ ഇപ്പോഴും തുടരുകയാണെന്ന് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു
മ്യാന്മര് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും ആംനസ്റ്റി ഇന്റര്‍നാഷണല്‍. മ്യാന്മറിലെ രാഖൈനില്‍ റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ ഇപ്പോഴും തുടരുകയാണെന്ന് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴായിരത്തോളം പേര് കൊല്ലപ്പെട്ട വംശഹത്യക്കിടെ മ്യാന്മറില് റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടനയും നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഏഴായിരത്തോളം പേര് കൊല്ലപ്പെട്ട അതിക്രൂരമായ വംശഹത്യ നിശബ്ദമായി ഇപ്പോഴും തുടരുകയാണെന്നതാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. സര്‍ക്കാറിന്റെ മൌനാനുവാദത്തോടെ സൈന്യമാണ് ക്രൂരതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും നാടുവിടാൻ നിർബന്ധിത സാഹചര്യമൊരുക്കുകയാണ് മ്യാന്മർ അധികൃതര്‍. റോഹിങ്ക്യകളുടെ നെൽപ്പാടങ്ങളും കച്ചവടസ്ഥലങ്ങളും മ്യാന്മർ സൈന്യം കൈയേറിയതോടെ റോഹിങ്ക്യകള്‍ കൊടും പട്ടിണിയിലായി.
കഴിഞ്ഞ ആഗസ്റ്റിൽ സൈനിക നടപടി തുടങ്ങി ഒരുമാസത്തിനകംതന്നെ 6700 റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വെടിവെച്ചും വീടുകൾക്ക് തീകൊളുത്തിയും ക്രൂരമായി പീഡിപ്പിച്ചുമാണ് സൈന്യം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളടക്കമുള്ള റോഹിങ്ക്യകളെ കൊലപ്പെടുത്തിയത്. ഏഴുലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം െചയ്യുകയു ചെയ്തു. ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് പീഡനങ്ങള്‍ക്ക് താത്കാലിക ശമനമാവുകയും അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കര്‍ തുടക്കമിടുകയും ചെയ്തിരുന്നു. എന്നാല്‍ റോഹിങ്ക്യകള്‍ക്കെതിരായ പീഡനങ്ങള്‍ ഇപ്പോഴും സജീവമാണെന്നും നിശബ്ദമായ വംശഹത്യ തുടരുകയാണെന്നും ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാനുള്ള സര്‍ക്കര്‍ ശ്രമങ്ങളിലെ ആത്മാര്‍ഥതയും സശയ നിഴലിലാണ്.
Adjust Story Font
16