Quantcast

കോമെയെ എഫ്.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിവാദം

MediaOne Logo

Subin

  • Published:

    8 May 2018 4:06 PM GMT

കോമെയെ എഫ്.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിവാദം
X

കോമെയെ എഫ്.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിവാദം

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും ട്രംപിന്റെ റഷ്യന്‍ ബന്ധവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ സംഘം മേധാവിയെ പുറത്താക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ആരോപണം.

ജയിംസ് കോമെയെ എഫ്.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചൊല്ലി അമേരിക്കയില്‍ വിവാദം കൊഴുക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സിയെ കാര്യക്ഷമമായി നയിക്കാന്‍ കഴിവില്ലെന്നാരോപിച്ചാണ് കോമെയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയത്. എന്നാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും ട്രംപിന്റെ റഷ്യന്‍ ബന്ധവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ സംഘം മേധാവിയെ പുറത്താക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ആരോപണം.

അമേരിക്കയിലെ സുപ്രധാന സുരക്ഷ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ മേധാവി സ്ഥാനത്തു നിന്ന് ജയിംസ് കോമെയെ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയത്. എഫ്.ബി.ഐ മേധാവിയെ നീക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നും പുതിയ മേധാവിയെ ഉടന്‍ നിയമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നത്. വൈറ്റ് ഹൗസിനു പുറത്തു തടിച്ചു കൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കി.

എഫ്.ബി.ഐ മേധാവിയെ പുറത്താക്കിയ ട്രംപിന്റെ നടപടി രാജ്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിക്കും വലിയ നഷ്ടമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. 2023 വരെ സ്ഥാനത്ത് തുടരേണ്ട ആളായിരുന്നു കോമെ. ട്രംപിന്റെ നാലു മാസത്തെ ഭരണത്തിനിടയിലെ പ്രധാന വിവാദ തീരുമാനമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അറ്റോര്‍ണി ജനറലിന്റെ ശിപാര്‍ശയനുസരിച്ചാണ് പുറത്താക്കല്‍ നടപടിയെന്നാണ് ട്രംപ് കോമെക്കുള്ള കത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ട്രംപിന്റെ ക്യാംപയിന്‍ വിഭാഗത്തിന്റെ റഷ്യന്‍ ബന്ധം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണിതെന്നാണ് വിമര്‍ശകരുടെ ആരോപണം.

TAGS :

Next Story