Quantcast

മരണം പതിയിരിക്കുന്ന എവറസ്റ്റ്

MediaOne Logo

Subin

  • Published:

    9 May 2018 5:02 AM GMT

മരണം പതിയിരിക്കുന്ന എവറസ്റ്റ്
X

മരണം പതിയിരിക്കുന്ന എവറസ്റ്റ്

എക്കാലത്തും പര്‍വ്വതാരോഹകരുടെ ഏറ്റവും വലിയ വെല്ലുവിളി എവറസ്റ്റ് കീഴടക്കുകയെന്നതായിരുന്നു. പതിയിരിക്കുന്ന പലവിധ അപകടങ്ങളാണ് എവറസ്റ്റ് കയറ്റത്തിന്റെ പ്രധാന വെല്ലുവിളി...

നാല് പര്‍വ്വതാരോഹകരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചതോടെ ഈ സീസണില്‍ എവറസ്റ്റിന് മുകളില്‍ മരിച്ചവരുടെ എണ്ണം പത്തായി. എവറസ്റ്റ് കീഴടക്കുന്നതിന് മുമ്പുള്ള അവസാനത്തെ ക്യാമ്പായ ക്യാമ്പ് 5ലെ ടെന്റില്‍ നിന്നാണ് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 26000 അടി മുകളിലുള്ള ഈ ക്യാമ്പില്‍ കൊടും തണുപ്പുള്ള കാലാവസ്ഥയ്ക്കു പുറമേ ഓക്‌സിജന്റെ അളവ് വളരെ കുറവാണെന്നതും വെല്ലുവിളിയാകുന്നു.

എക്കാലത്തും പര്‍വ്വതാരോഹകരുടെ ഏറ്റവും വലിയ വെല്ലുവിളി എവറസ്റ്റ് കീഴടക്കുകയെന്നതായിരുന്നു. പതിയിരിക്കുന്ന പലവിധ അപകടങ്ങളാണ് എവറസ്റ്റ് കയറ്റത്തിന്റെ പ്രധാന വെല്ലുവിളി. ഇതിനൊപ്പം കുറഞ്ഞ സമയംകൊണ്ട് കുത്തനെയുള്ള കയറ്റം കയറേണ്ടി വരുന്നതു മൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളും പലപ്പോഴും തിരിച്ചടിയാകുന്നു. ഇതിന് പുറമേയാണ് അപകടങ്ങളും അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച്ചയും മനുഷ്യജീവനെടുക്കുന്നത്.

ഒടുവിലായി കണ്ടെത്തിയ നാല് പേരുടെ മൃതദേഹങ്ങള്‍ സെവന്‍ സമ്മിറ്റ്‌സ് ട്രെക്ക് ഗ്രൂപ്പിലെ നേപ്പാളി ഷെര്‍പ്പകളാണ് കണ്ടെത്തിയ പുറം ലോകത്തെ അറിയിച്ചത്. ഇവരുടെ മരണകാരണമോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എങ്കിലും ടെന്റുകളില്‍ നിന്നും വായു പുറത്തുപോകാനുള്ള സംവിധാനം ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റൗവുകളില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡാകാം മരണകാരണമായതെന്ന് കരുതപ്പെടുന്നു. 49കാരനായ സ്ലൊവാക്യന്‍ പര്‍വ്വതാരോഹകന്‍ വഌദിമിര്‍ സ്റ്റാബക്കുവേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് നാല് പേരുടെ മൃതദേഹങ്ങള്‍ ഷെര്‍പ്പകള്‍ കണ്ടെത്തിയത്.

വിദേശ പര്‍വ്വതാരോഹകര്‍ക്ക് എവറസ്റ്റ് കീഴടക്കുന്നതിന് 371 പെര്‍മ്മിറ്റുകള്‍ നേപ്പാള്‍ സര്‍ക്കാര്‍ ഈ സീസണില്‍ അനുവദിച്ചിരുന്നു. അതീവദുര്‍ഘടം പിടിച്ച എവറസ്റ്റിലെ മലകയറ്റത്തിനിടെ മരണങ്ങള്‍ പുതുമയുള്ളതല്ല. എവറസ്റ്റ് കീഴടക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ച 1920കള്‍ മുതല്‍ ഇരുന്നൂറിലേറെ പേര്‍ക്ക് ലോകത്തെ ഏറ്റവും വലിയ കൊടുമുടിക്ക് മുകളില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.

എങ്കിലും ഇപ്പോഴും ലോകമെങ്ങുമുള്ള പര്‍വ്വതാരോഹകരുടെ സ്വപ്‌ന ലക്ഷ്യം ഇപ്പോഴും എവറസ്റ്റാണ്. 1990കള്‍ക്കുശേഷം എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായി. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നേപ്പാളീസ് സര്‍ക്കാര്‍ പിന്‍വലിച്ചതായിരുന്നു ഇതിന് പിന്നില്‍. ഇതോടെ എവറസ്റ്റിന് മുകളിലെ മരണ പരിചയസമ്പത്തില്ലാത്ത പര്‍വ്വതാരോഹക സംഘങ്ങളും ഗൈഡുകളും മേഖലയില്‍ കൂടുതല്‍ അപകടത്തിന് കാരണമാകുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

1996ല്‍ 15 പേര്‍ക്കാണ് എവറസ്റ്റിന് മുകളില്‍ വെച്ച് ജീവന്‍ നഷ്ടപ്പെട്ടത്. അതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണ നിരക്കായിരുന്നു അത്. 2014ലും 15ലും ഒരു ഡസനിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് മാത്രമല്ല ഒരു പര്‍വ്വതാരോഹകന് പോലും ഈ വര്‍ഷങ്ങളില്‍ എവറസ്റ്റ് കീഴടക്കാനായില്ല. 2015 ഏപ്രില്‍ 25നായിരുന്നു എവറസ്റ്റ് കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്. നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മഞ്ഞുവീഴ്ച്ചയില്‍ ബേസ്‌ക്യാമ്പ് പൂര്‍ണ്ണായി മൂടി പോവുകയായിരുന്നു. 19 പേരാണ് അന്ന് മരിച്ചത്.

ഈ വര്‍ഷം ഒടുവില്‍ കണ്ടെത്തിയ നാല് പേര്‍ക്ക് പുറമേ മരിച്ചവരില്‍ ഇന്ത്യക്കാരനായ രവി കുമാറും ഉള്‍പ്പെടുന്നു. എവറസ്റ്റ് കീഴടക്കിയശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു രവി മരണത്തിന് കീഴടങ്ങിയത്. മരണത്തിന്റെ വാര്‍ത്തകള്‍ മാത്രമല്ല പ്രത്യാശയുടേയും ആവേശത്തിന്റേയും വാര്‍ത്തകളും എവറസ്റ്റില്‍ നിന്ന് ഈ വര്‍ഷം വന്നിട്ടുണ്ട്.

കയറോ ഓക്‌സിജനോ ഇല്ലാതെ വെറും 26 മണിക്കൂറുകൊണ്ട് സ്‌പെയിന്‍കാരനായ കിലിയന്‍ ജോര്‍നറ്റ്(29) എവറസ്റ്റ് കീഴടക്കിയെന്ന വാര്‍ത്തകളും വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കാരിയായ അനസു ജംസെപ്‌ന ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് തവണ എവറസ്റ്റ് കീഴടക്കി കയ്യടി നേടിയതും ഈ വര്‍ഷം തന്നെ.

TAGS :

Next Story