ഇസ്രയേല്‍ പ്രധാനമന്ത്രി ഈ മാസം 14 മുതല്‍ ഇന്ത്യയില്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ഈ മാസം 14 മുതല്‍ ഇന്ത്യയില്‍
ഫലസ്തീന് രാഷ്ട്ര പിന്തുണ തേടി അറബ് ലോകം; ഇന്ത്യ നിലപാട് മാറ്റില്ലെന്ന് പ്രതീക്ഷ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഡല്‍ഹി സന്ദർശനം ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറ്റാൻ പ്രേരണയാകില്ലെന്ന പ്രതീക്ഷയില്‍ അറബ് ലോകം. ജറൂസലം പ്രഖ്യാപനത്തിന് പിന്തുണ ഉറപ്പാക്കാൻ അമേരിക്കയും ഇസ്രായേലും ഇന്ത്യക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് തുടരുന്നത്.
കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആവശ്യം മുന്നോട്ടു കൊണ്ടു പോകാനാണ് കഴിഞ്ഞ ദിവസം അമ്മാനിൽ ചേർന്ന അറബ് ലീഗ് നേതൃയോഗ തീരുമാനം. ഇതിനു വേണ്ടി പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ നയതന്ത്ര നീക്കവും ആരംഭിച്ചു. സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് ലീഗ് പ്രതിനിധികളാണ് ഇന്ത്യയുടെയും മറ്റും നയതന്ത്ര, രാഷ്ട്രീയ പിന്തുണ തേടുന്നത്.
എന്നാൽ തെറ്റിദ്ധാരണ മൂലമാണ് ഇന്ത്യ ഉൾപ്പെടെ 128 രാജ്യങ്ങളിൽ ഭൂരിഭാഗവും യു.എന്നിൽ എതിർവോട്ട് ചെയ്തതെന്നാണ് ഇസ്രായേൽ വാദം. വൈകാതെ യാഥാർഥ്യം ബോധ്യപ്പെടുമ്പോൾ തലസ്ഥാന മാറ്റത്തെ അറബേതര രാജ്യങ്ങൾ ശരിവെക്കുമെന്നും ഇസ്രായേൽ നേതൃത്വം പറയുന്നു.
ഈ മാസം 14നാണ് അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിൽ എത്തുന്നത്. ഡൽഹിക്കു പുറമെ അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളും നെതന്യാഹു സന്ദർശിക്കും. ഏതുവിധേനയും ഇന്ത്യയെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീൻ പിന്തുണയിൽ മാറ്റമില്ലെന്ന് പറയുമ്പോൾ തന്നെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ ഇന്ത്യ, യുഎന്നിൽ പിന്തുണക്കുമോ എന്നു തന്നെയാണ് അറബ് രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ത്യ ഉറച്ചു നിന്നാൽ കൂടുതൽ രാജ്യങ്ങളെ തങ്ങളുടെ ചേരിയിൽ കൊണ്ടു വരാനും അറബ് ലീഗിന് എളുപ്പമാകും. മറിച്ചാണെങ്കിൽ വലിയ തിരിച്ചടിയായി അതു മാറും. ഏതായാലും നെതന്യാഹുവിന്‍റെ സന്ദർശന വേളയിൽ ഇന്ത്യ നടത്തുന്ന പ്രസ്താവന എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Adjust Story Font
16