പിക് അപ് വാനിലെ സിംഹത്തിന്റെ യാത്ര
പിക് അപ് വാനിലെ സിംഹത്തിന്റെ യാത്ര
മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആ സിംഹം ആക്രമിച്ചാല്‍ ആരാണ് ഉത്തരവാദിയെന്ന് സ്ത്രീ ചോദിക്കുന്നുമുണ്ട്.
തിരക്കേറിയ റോഡില്‍ പിക് അപ് വാനിന് പുറകില്‍ തുടലില്‍ കെട്ടി സിംഹവുമായി യാത്ര ചെയ്യുന്ന വീഡിയോ വൈറലായി. പാകിസ്താനിലെ കറാച്ചിയില്‍ നിന്നാണ് ഒരേസമയം വിചിത്രവും പേടിപ്പിക്കുന്നതുമായി ഈ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. സിംഹത്തെ അപ്രതീക്ഷിതമായി കണ്ട മറ്റൊരു വാഹനത്തിലെ യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
കറാച്ചിയിലെ കരിമാബാദ് മേഖലയില്‍ വെച്ച് കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആ സിംഹം ആക്രമിച്ചാല്‍ ആരാണ് ഉത്തരവാദിയെന്ന് സ്ത്രീ ചോദിക്കുന്നുണ്ട്. പിക് അപ് വാനിന് പുറകിലായി പ്രത്യേകം സജ്ജീകരിച്ച കിടക്കയിലാണ് സിംഹത്തെ കിടത്തിയിരുന്നത്. കഴുത്തില്‍ തുടലിട്ട നിലയിലായിരുന്നു സിംഹം ഇരുന്നിരുന്നത്. സിംഹത്തിനരികെ മൂന്നാളുകളും ഇരുന്നിരുന്നു. വഴിയാത്രക്കാര്‍ സിംഹത്തിനടുത്തുകൂടെ പേടിയോടെ നടന്നുപോകുന്നതും മറ്റു വാഹനങ്ങള്‍ സമീപത്തുകൂടെ പോകുന്നതും വീഡിയോയിലുണ്ട്.
വീഡിയോ വൈറലായതോടെ പ്രദേശത്തെ രാഷ്ട്രീയക്കാരുടെ ശ്രദ്ധയില്‍ സംഭവം പെടുത്തിയപ്പോഴാണ് ആരാണ് സിംഹത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. കറാച്ചിയിലെ വളര്‍ത്തുമൃഗ വ്യാപാരിയായ സഖ്‌ലിന്‍ ജവൈദിന്റെ ഉടമസ്ഥതയിലുള്ള സിംഹമാണ് പിക് അപിലൂടെ നഗരം കണ്ട് സഞ്ചരിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
തന്റെ സിംഹത്തിന് എല്ലാ ഔദ്യോഗിക രേഖകളുമുണ്ടെന്നും അസുഖബാധിതനായ സിംഹത്തെ മൃഗഡോക്ടര്‍ക്കരികിലേക്ക് കൊണ്ടുപോവുകമാത്രമാണ് ചെയ്തതെന്നുമാണ് സഖ്‌ലിന്റെ വാദം. ഇയാള്‍ക്ക് സ്വകാര്യ മൃഗശാല നടത്തിപ്പിന് ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ 2016ല്‍ ഈ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചതിനാല്‍ സഖ്‌ലിന്‍ നിയമനടപടി നേരിടേണ്ടി വരും.
Adjust Story Font
16