Quantcast

യുദ്ധക്കുറ്റങ്ങള്‍ പരിഹാരം ചെയ്യണമെന്ന് ശ്രീലങ്കയോട് യുഎന്‍

MediaOne Logo

Alwyn

  • Published:

    15 May 2018 12:16 AM GMT

യുദ്ധക്കുറ്റങ്ങള്‍ പരിഹാരം ചെയ്യണമെന്ന് ശ്രീലങ്കയോട് യുഎന്‍
X

യുദ്ധക്കുറ്റങ്ങള്‍ പരിഹാരം ചെയ്യണമെന്ന് ശ്രീലങ്കയോട് യുഎന്‍

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭരണപരിഷ്കാര നീക്കങ്ങള്‍ക്കും യുഎന്‍ പിന്തുണ പ്രഖ്യാപിച്ചു.

ശ്രീലങ്ക യുദ്ധക്കുറ്റങ്ങള്‍ക്ക് പരിഹാരം ചെയ്യണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭരണപരിഷ്കാര നീക്കങ്ങള്‍ക്കും യുഎന്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി യുഎന്‍ മേധാവി ബാന്‍ കി മൂണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കാല്‍ നൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിനിടെ തമിഴ്‌വംശജരോട് കാണിച്ച ക്രൂരതകള്‍ക്ക് ശ്രീലങ്ക പരിഹാരം ചെയ്യണമെന്ന ആവശ്യമാണ് ബാന്‍കിമൂണ്‍ ഉന്നയിച്ചിരിക്കുന്നത്. തമിഴ് വംശജര്‍ക്ക് ഭൂമി മടക്കിക്കൊടുക്കുക, നീതിന്യായ വ്യവസ്ഥയും പൊലീസും പക്ഷപാതരഹിതമായി പെരുമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബാന്‍കിമൂണ്‍ മുന്നോട്ടുവെച്ചത്. സമാധാനം കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുന്നതില്‍ സിരിസേന പുലര്‍ത്തുന്ന ആത്മാര്‍ഥതയെ പ്രശംസിക്കാനും മൂണ്‍ മറന്നില്ല. മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ നേതൃത്വത്തില്‍ തമിഴ് ഈളം വാദികളെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സിരിസേന സര്‍ക്കാര്‍ തമിഴ് വംശജരെ പുനരധിവസിപ്പിക്കാനും കാണാതായവരെക്കുറിച്ച് അന്വേഷിക്കാനുമുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

യുദ്ധം നടന്ന മേഖലയില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രജപക്സെ അനുകൂലികള്‍ ബാന്‍കിമൂണ്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തിയിരുന്നു. യുദ്ധകാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലങ്കൻ സൈന്യം 2009ൽ തമിഴ് പുലികളെ കീഴടക്കിയശേഷം യുഎൻ സെക്രട്ടറി ജനറൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.

TAGS :

Next Story