അമേരിക്കയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് വ്യാപക സമരം
അമേരിക്കയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് വ്യാപക സമരം
മണിക്കൂറിന് 15 ഡോളര്‍ ആയി ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫാസ്റ്റ് ഫുഡ് വ്യവസായത്തിലെ തൊഴിലാളികളാണ് പ്രധാനമായും സമരത്തില്‍ പങ്കെടുത്തത്.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് അമേരിക്കയില്‍ രാജ്യവ്യാപക സമരം. മണിക്കൂറിന് 15 ഡോളര്‍ ആയി ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫാസ്റ്റ് ഫുഡ് വ്യവസായത്തിലെ തൊഴിലാളികളാണ് പ്രധാനമായും സമരത്തില്‍ പങ്കെടുത്തത്.
ലോസ്ആഞ്ചല്‍സിലടക്കം പടുകൂറ്റന്‍ റാലികളാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നത്. മിനിമം കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന ബാനറുമുയര്‍ത്തിയായിരുന്നു മാര്‍ച്ച്. ഞങ്ങള്‍ക്കിത് ലഭിച്ചില്ലെങ്കില്‍ എല്ലാം പൂട്ടിക്കിടക്കുമെന്ന മുദ്രാവാക്യം റാലികളില്‍ അലയടിച്ചു. 15 എന്നെഴുതിയ ബലൂണുകളും സമരക്കാര്‍ ഉയര്‍ത്തിക്കാട്ടി.
കനാസ് നഗരത്തില്‍ മക് ഡോണാള്‍ഡ് കമ്പനിയുടെ മുമ്പിലും മാര്‍ച്ച് നടന്നു. സമരത്തിനൊപ്പം നില്‍ക്കുക എന്ന പ്ലക്കാഡുയര്‍ത്തിയാണ് മക് ഡോണാള്‍ഡിലെ തൊഴിലാളികള്‍ സമരം ചെയ്തത്. ഡെത്രോയിറ്റ്, മിഷിഗണ്‍ എന്നിവിടങ്ങളിലും സമരം നടന്നു. റൊണാള്‍ഡ് മക്ഡൊണാള്‍ഡിന്റെ ബൊമ്മയുമുയര്‍ത്തിയായിരുന്നു ഇവിടങ്ങളിലെ സമരം.
അതേസമയം മാഡിസണ്‍, വിന്‍സ്കസിന്‍ എന്നീ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ വ്യത്യസ്ഥ ബാനറുകളുയര്‍ത്തി റോഡിന് സമീപം നിലയുറപ്പിച്ചു. പതിനഞ്ച് ഡോളറിനുവേണ്ടിയുള്ള പോരാട്ടം, കറുത്തവന്റെ ജീവിത വിഷയം. കുടിയേറ്റക്കാര്‍ക്ക് നീതി എന്നീ മുദ്രാവാക്യങ്ങളാണ് ബാനറില്‍ നിറഞ്ഞത്. ഫാസ്റ്റ് ഫുഡ് ശൃംഖലകളായ മക്‍ ഡോണാള്‍ഡ്, ബര്‍ജര്‍ കിംഗ്സ്, വെന്‍ഡിസ് എന്നീ കമ്പനികള്‍ തൊഴിലാളികള്‍ക്ക് മതിയായ വേതനം അമേരിക്കയില്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ സബ്സിഡികള്‍ ഉപയോഗപ്പെടുത്തിയാണ് തൊഴിലാളികള്‍ ജീവിതം തള്ളി നീക്കുന്നത്. ലോകാവ്യാപകമായി തന്നെ ഇത്തരത്തില്‍ 300 ഇടങ്ങളില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ പറഞ്ഞു.
Adjust Story Font
16