മെലാനിയ ട്രംപ് പോപ്പിന് മുന്നില്‍ ശിരോവസ്ത്രം ധരിച്ചത് എന്തുകൊണ്ട്?
മെലാനിയ ട്രംപ് പോപ്പിന് മുന്നില്‍ ശിരോവസ്ത്രം ധരിച്ചത് എന്തുകൊണ്ട്?
എന്താണ് മെലാനിയ ട്രംപിന്റെ സൌദി- വത്തിക്കാന്‍ സന്ദര്‍ശനവും ശിരോവസ്ത്രം ധരിക്കുന്നതും ധരിക്കാത്തതും തമ്മിലുള്ള വ്യത്യാസം?
തല മറയ്ക്കുന്നതാണോ മറയ്ക്കാത്തതാണോ നല്ലത്? ഇതാണ് ഇപ്പോള്‍ ട്രംപിന്റെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ചോദ്യം
ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും വിദേശസന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയത്. സൌദി സന്ദര്‍ശനത്തിനിടെ തട്ടമോ ഹിജാബോ ധരിക്കാതിരുന്ന മെലാനിയ ട്രംപ് തലമറച്ചാണ് പോപ്പിനെ സന്ദര്‍ശിക്കാനെത്തിയത്. മതപരമായി സ്ത്രീകള്‍ തലമറയ്ക്കണം എന്ന നിഷ്കകര്‍ഷിക്കുന്ന സൌദി സന്ദര്‍ശനത്തിനിടെ മെലാനിയ അതിന് തയ്യാറാകാതിരുന്നതും ഇപ്പോള്‍ പോപ്പിനെ കാണുമ്പോള്‍ തലമറച്ചതും എന്തുകൊണ്ടാണെന്നത് ചര്‍ച്ചയാകുകയാണ്.
എന്താണ് രണ്ട് സന്ദര്‍ശനവും ശിരോവസ്ത്രം ധരിക്കുന്നതും ധരിക്കാത്തതും തമ്മിലുള്ള വ്യത്യാസം? അതാത് രാജ്യത്തിന്റെ വിശ്വാസപരമായ ആചാരങ്ങളും നിയമങ്ങളും പിന്തുടരണമോ വേണ്ടയോ എന്ന വ്യക്തിപരമായ താത്പര്യം മാത്രമാണ് ഇതിന് പിന്നിലെന്നുള്ളതാവും ഉത്തരം.
വത്തിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് പോപ്പിനെ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ കറുത്ത നേര്‍ത്ത മൂടുപടം ഉപയോഗിച്ച് തലമറയ്ക്കണമെന്നാണ്. കൂടാതെ കൈ മുഴുവനായും മറയുകയും വേണം. വസ്ത്രം കറുത്ത നിറത്തിലുള്ളതാകുകയും വേണം. പോപ്പിനെ കാണുമ്പോള്‍ അത്തരം വസ്ത്രം ധരിക്കാം എന്നുള്ളത് മെലാനിയയുടെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് വിശദീകരിക്കുന്നു അവരുടെ ഔദ്യോഗിക വക്താവ് സ്റ്റീഫനി ഗ്രീഷ്മം. എന്നാല്‍ സൌദി അറേബ്യന്‍ അധികാരികള്‍ സന്ദര്‍ശനത്തിനിടെ മെലാനിയ ഹിജാബോ ശിരോവസ്ത്രമോ ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയോ നിര്‍ബന്ധം പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ഗ്രീഷ്മം ചൂണ്ടിക്കാട്ടുന്നു. സൗദിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കിലും പരമ്പരാഗത രീതിയില്‍ കൈകള്‍ മുഴുവന്‍ മറയ്ക്കുന്ന നീളമേറിയ കറുത്ത വസ്ത്രവും പാന്റ്‌സുമായിരുന്നു മെലാനിയയുടെ വേഷം.
സൗദി സന്ദര്‍ശനത്തിനെത്തുന്ന പ്രഥമ വനിതകളില്‍ പലരും ശിരോവസ്ത്രമിടാറുണ്ട്. പക്ഷേ, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ ഇതൊഴിവാക്കാറാണു പതിവ്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൗദി സന്ദര്‍ശന വേളയില്‍ ശിരോവസ്ത്രം ധരിച്ചില്ല. രണ്ടു വര്‍ഷം മുന്‍പ് യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ശിരോവസ്ത്രം ധരിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെ രൂക്ഷമായി ട്രംപ് വിമര്‍ശിച്ചിരുന്നു. മിഷേലിന്റെ നടപടി സൗദി അറേബ്യയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നാണ് അന്നു ട്രംപ് പറഞ്ഞത്.
വത്തിക്കാനിലും സന്ദര്‍ശനത്തിനിടെ ഇന്ന വസ്ത്രം ധരിക്കണമെന്ന നിയമം കര്‍ശനമൊന്നമല്ല. എന്നാല്‍ പല ഉന്നത സ്ത്രീ വ്യക്തിത്വങ്ങളും തങ്ങളുടെ സന്ദര്‍ശനത്തിനിടെ ഇത് പിന്തുടരാന്‍ ശ്രമിക്കാറുണ്ട്. മ്യാന്‍മറിലെ സൂചിയും ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആഞ്ജസ മെര്‍ക്കറും പോപ്പുമായുള്ള സന്ദര്‍ശനത്തിനിടെ ശിരോവസ്ത്രം ധരിച്ചിരുന്നു.
Adjust Story Font
16