പിടിവിടാതെ കോടതി; ട്രംപിന്റെ പുതിയ ഉത്തരവിനും വിലക്ക്
പിടിവിടാതെ കോടതി; ട്രംപിന്റെ പുതിയ ഉത്തരവിനും വിലക്ക്
ഇറാഖിനെ ഒഴിവാക്കി ഡോണള്‍ഡ് ട്രംപ് ഇറക്കിയ പുതിയ യാത്രാ നിരോധ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലാവുക
ആറ് രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവിനും കോടതിയുടെ വിലക്ക്. ഉത്തരവ് നടപ്പാക്കുന്നത് ഹവായിയിലെ ഫെഡറല്‍ കോടതി തടഞ്ഞു. പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കോടതിയുടെ നടപടി.
ഇറാഖിനെ ഒഴിവാക്കി ഡോണള്‍ഡ് ട്രംപ് ഇറക്കിയ പുതിയ യാത്രാ നിരോധ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലാവുക. ഇതിനെതിരെ ഹവായ് സ്റ്റേറ്റ് നല്‍കിയ ഹരജിയിലാണ് ഫെഡറല്‍ ജഡ്ജ് ഡെറിക് വാട്സന്റെ നടപടി. ഇതോടെ ഹവായ് സ്റ്റേറ്റില്‍ ഉത്തരവ് നടപ്പാകില്ല. പ്രസിഡന്റിന്റെ പുതിയ ഉത്തരവ് മുസ്‍ലിം ജനവിഭാഗത്തെയും വിദേശ വിദ്യാര്‍ഥികളെയും വിനോദ സഞ്ചാര മേഖലയെയും ബാധിക്കുമെന്ന ഹവായ് സ്റ്റേറ്റിന്റെ വാദം കോടതി അംഗീകരിച്ചു. കോടതി ഉത്തരവിനെതിരെ വൈറ്റ് ഹൌസ് പ്രതികരിച്ചിട്ടില്ല.
നേരത്തെ ട്രംപ് ഇറക്കിയ ഉത്തരവ് അമേരിക്കക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹരജിയില്‍ യുഎസ് സുപ്രീംകോടതി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ഇറാഖിനെ ഒഴിവാക്കികൊണ്ട് ട്രംപ് പുതിയ ഉത്തരവിറക്കിയത്.
Adjust Story Font
16