ഹെല്‍ത്ത് കെയര്‍ പദ്ധതി ബില്ലായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്നവതരിപ്പിക്കും
ഹെല്‍ത്ത് കെയര്‍ പദ്ധതി ബില്ലായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്നവതരിപ്പിക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്
ഒബാമ കെയറിന് പകരമുള്ള ഹെല്‍ത്ത് കെയര്‍ പദ്ധതി ബില്ലായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്നവതരിപ്പിക്കും. റിപബ്ലിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ബില്ലിനെതിരെ വിമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനമാണ് ട്രംപ് നടത്തുന്നത്. ബില്ലിനെ അനുകൂലിക്കാത്ത റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഒബാമകെയര്‍ നീക്കം ചെയ്ത് പകരം ജനോപകാരമായ മികച്ച ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഒബാമ കെയറിന് പകരം ട്രംപ് മുന്നോട്ട് വെക്കുന്ന ബില്ലില്‍ കാര്യമായ വ്യത്യാസമില്ലെന്നാരോപിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില സെനറ്റര്‍മാര്‍ തന്നെ രംഗത്ത് വന്നു. ഇതോടെ ബില്‍ കോണ്‍ഗ്രസില്‍ പരാജയപ്പെടുമോ എന്ന ആശങ്കയിലാണ് ട്രംപ്. 435 അംഗ കോണ്‍ഗ്രസില്‍ 216 പേരുടെ പിന്തുണയാണ് ബില്‍ പാസ്സാകുന്നതിനായി വേണ്ടത്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 237 അംഗങ്ങളാണുള്ളത്. ഇതില്‍ ഇരുപത്തിയെട്ട് റിപബ്ലിക്കന്‍ അംഗങ്ങളുടെ കാര്യത്തില്‍ ബില്ലിനെ അനുകൂലിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 21 പേരില്‍ കൂടുതല്‍ പേര്‍ പ്രതികൂലിച്ച് വോട്ട് ചെയ്താല്‍ ബില്‍ പരാജയപ്പെടും. ബില്ലിനെ എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന ഭീഷണയും ട്രംപ നല്‍കിയതായാണ് റിപോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ മുഴുവന്‍ ട്രംപിന്റെ പുതിയ ബില്ലിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് ട്രംപ് ഭരണകൂടം.
Adjust Story Font
16