Quantcast

കടലില്‍ നഷ്ടപ്പെട്ടു പോയ ക്യാമറ രണ്ടര വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍

MediaOne Logo

Jaisy

  • Published:

    3 Jun 2018 11:12 AM GMT

കടലില്‍ നഷ്ടപ്പെട്ടു പോയ ക്യാമറ രണ്ടര വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍
X

കടലില്‍ നഷ്ടപ്പെട്ടു പോയ ക്യാമറ രണ്ടര വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചപ്പോള്‍

സുബാക്കിഹാര കടലില്‍ സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ക്യാമറ നഷ്ടമായത്

ഇതിനാണ് ഭാഗ്യം എന്നു പറയുന്നത്...അല്ലെങ്കില്‍ പിന്നെ തീര്‍ത്തും നഷ്ടപ്പെട്ടു പോയി എന്നു കരുതിയ വസ്തു അപ്രതീക്ഷിതമായി തിരികെ ലഭിക്കുമ്പോള്‍ അതിനെ ഭാഗ്യം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. സംഭവം മറ്റൊന്നുമല്ല രണ്ടര വര്‍ഷം മുന്‍പ് കടലില്‍ കാണാതെ പോയ ക്യാമറ തിരികെ ലഭിച്ചിരിക്കുകയാണ്, അതും ഒരു കേടുപാടു പോലുമില്ലാതെ. തായ്‌വാനിലാണ് സംഭവം നടന്നത്.വെളളം കയറാതിരിക്കാന്‍ ക്യാമറയ്ക്ക് ചുറ്റും പ്ലാസ്റ്റിക് ആവരണം ഉണ്ടായിരുന്നതാണ് ക്യാമറയുടെ ജീവന്‍ രക്ഷിച്ചത്.

2015 സെപ്തംബറില്‍ തായ് വാനില്‍ നിന്ന് 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപില്‍ വിനോദയാത്രയ്ക്ക് എത്തിയ ജപ്പാന്‍കാരിയായ സെറീന സുബാക്കിഹാര എന്ന വിദ്യാര്‍ത്ഥിനിയുടേതാണ് ക്യാമറ.സുബാക്കിഹാര കടലില്‍ സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ക്യാമറ നഷ്ടമായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ക്യാമറ കണ്ടെത്താനായില്ല. എന്നാല്‍ വെളളം കയറാതിരിക്കാന്‍ ഭദ്രമായി ആവരണം ചെയ്തിരുന്ന ക്യാമറ 100 കണക്കിന് കിലോമീറ്റര്‍ കടല്‍ വഴി സഞ്ചരിച്ചു.

തുടര്‍ന്നാണ് തായ്‌വാനിലെ കടല്‍ത്തീരത്ത് അടിഞ്ഞത്. കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടന്ന വസ്തു ഒരു പതിനൊന്നുകാരനാണ് ആദ്യം കണ്ടെത്തിയത്. നശിച്ച് പോയ ക്യാമറ ആയിരിക്കുമെന്ന് കരുതി വിദ്യാര്‍ത്ഥി ഇതെടുത്ത് വൃത്തിയാക്കിയപ്പോഴാണ് കേടുകൂടാതെ കിടന്ന ക്യാമറയാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തുളളി വെളളം പോലും അകത്ത് കിടക്കാതെ കിടന്നതാണ് ക്യാമറ കേടുകൂടാതെ ഇരിക്കാന്‍ കാരണമായത്. എന്നാല്‍ ക്യാമറയുടെ ബട്ടണ്‍ ഞെക്കിയപ്പോള്‍ ഇത് പ്രവര്‍ത്തിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അധ്യാപിക പറഞ്ഞു. അപ്പോഴും ക്യാമറയില്‍ ചാര്‍ജ് ബാക്കിയുണ്ടായിരുന്നു. സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ക്യാമറയിലുണ്ടായിരുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളില്‍ ജപ്പാനില്‍ നിന്നുളള ചില ചിത്രങ്ങള്‍ കണ്ടതോടെ ജാപ്പനീസ് ഭാഷയിലും പോസ്റ്റ് തയ്യാറാക്കി പ്രചരിപ്പിച്ചു. പതിനായിരക്കണക്കിന് ഷെയര്‍ ലഭിച്ച പോസ്റ്റ് സുബാക്കിഹാരയെ ഒരു സുഹൃത്താണ് കാണിച്ച് കൊടുത്തത്. താന്‍ ശരിക്കും ഭാഗ്യവതിയാണെന്നും ആളുകളുടെ ദയാവായ്പ് തന്നെ അതിശയിപ്പിച്ചുവെന്നും സുബാക്കിഹാര റഞ്ഞു. ജൂണില്‍ തായ് വാനിലെത്തി ക്യാമറ കൈപ്പറ്റുമെന്ന് ഇവര്‍ ബിബിസിയോട് പറഞ്ഞു.

TAGS :

Next Story