മരുന്നിനും ഭക്ഷണത്തിനും പകരം ലൈംഗികപീഡനം: സിറിയന്‍ പെണ്‍ദുരിതം തീരുന്നില്ല
മരുന്നിനും ഭക്ഷണത്തിനും പകരം ലൈംഗികപീഡനം: സിറിയന്‍ പെണ്‍ദുരിതം തീരുന്നില്ല
യുദ്ധത്തിന്റെ മറവിൽ സിറിയയിലെ സ്ത്രീകളും പെണ്‍കുട്ടികളും ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര ചാരിറ്റി സംഘടനകളിലെയും സന്നദ്ധ പ്രവര്‍ത്തകരുടെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് പുറത്തേക്ക് വരുന്നത് മരണത്തിന്റെയും വേദനയുടെയും ചിത്രങ്ങള്‍ മാത്രമാണ്... യുദ്ധഭീതിയില്‍ ജീവനും കൊണ്ടോടുന്ന ദയനീയ മുഖങ്ങളെയും കൂട്ടത്തില്‍ കാണാം. സഹായത്തിന് നീട്ടുന്ന കൈകളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത സിറിയന്‍ സ്ത്രീ ജീവിതങ്ങളെക്കുറിച്ചുള്ള ചിത്രമാണ് ഏറ്റവുമവസാനം പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ മറവിൽ സിറിയയിലെ സ്ത്രീകളും പെണ്‍കുട്ടികളും ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര ചാരിറ്റി സംഘടനകളിലെയും സന്നദ്ധ പ്രവര്‍ത്തകരുടെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
മരുന്നിനും ഭക്ഷണത്തിനും പകരം സിറിയന്‍ പെണ്‍ജീവിതങ്ങളെ ലൈംഗികബന്ധത്തിന് ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിതമായോ വിധേയമാക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് സംഘത്തിനുള്ളിലെ വനിതാപ്രവര്‍ത്തകര്‍ തന്നെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി യുദ്ധത്തിന്റെ കെടുതിക്കൊപ്പം അന്നത്തിനും മരുന്നിനും വേണ്ടി ലൈംഗികചൂഷണത്തിനും കൂടി ഇരയാക്കപ്പെടുകയാണ് സിറിയയിലെ പെണ്‍ജനത. ഇതുകാരണം, യുദ്ധത്തില്‍ പരിക്കേറ്റ ഉറ്റവര്‍ക്ക് വേണ്ടി മരുന്നും ഭക്ഷണവും തേടി ചാരിറ്റി കേന്ദ്രങ്ങളിലേക്ക് പോകാന്‍ സ്ത്രീകള്‍ മടിക്കുകയാണ്. യുദ്ധത്തിനെ കൂട്ടുപിടിച്ച് മെഡിക്കല്‍ ക്യാമ്പുകളിലെ സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ പോലും സ്ത്രീകള്‍ ചൂഷണത്തിനിരയാക്കപ്പെടുന്നു. സ്ത്രീകള്‍ ലൈംഗികബന്ധത്തിന് തയ്യാറായാൽ മാത്രമേ പരുക്കേറ്റ സ്ത്രീകള്‍ക്ക് പോലും മരുന്നുകൾ വെയ്ക്കുകയുള്ളു. വിസമ്മതിക്കുകയാണെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിറിയയിലെ പെണ്‍കുട്ടികള്‍ ഭക്ഷണം കിട്ടാനായി മാത്രം ഇത്തരം സംഘത്തിലെ ഉദ്യോഗസ്ഥരുമായി താത്കാലിക വിവാഹത്തിന് തയ്യാറാകുന്നതായും, മരുന്നോ ഭക്ഷണമോ വാങ്ങാനായെത്തുന്ന പെണ്‍കുട്ടികളോട് ഉദ്യോഗസ്ഥര്‍ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങുന്നതായും, ക്യാമ്പുകളിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് വീടുവരെ വാഹനസൌകര്യം നല്‍കുന്നതായും പകരം ആ സന്നദ്ധപ്രവര്‍ത്തകര്‍ രാത്രി ആ പെണ്‍കുട്ടിയുടെ കൂടെ ചെലവഴിക്കുന്നതായും വോയിസസ് ഫ്രെം സിറിയ 2018 എന്ന തലക്കെട്ടില്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ഭര്‍ത്താക്കന്മാരോ പിതാക്കന്മാരോ സഹോദരന്മാരോ നഷ്ടപ്പെട്ട്, ആരാലും തുണയില്ലാത്ത, താമസിക്കാന്‍ ഒരിടം പോലുമില്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷണത്തിന് കൂടുതലും ഇരയാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മൂന്നുവര്‍ഷം മുമ്പുതന്നെ സിറിയയിലെ ഇത്തരം ചൂഷണത്തിന്റെ കഥകള്‍ പുറത്തുവന്നിരുന്നു. 2015 മാര്‍ച്ചില്‍, ജോര്‍ദ്ദാനിലെ ഒരു അഭയാര്‍ത്ഥിക്യാമ്പില്‍വെച്ച് തന്നോട് ഒരുപറ്റം സ്ത്രീകള്‍ പങ്കുവെച്ച അവരുടെ ദുരിത കഥ പുറത്തെത്തിച്ചത് ഡാനിയെല്ലെ സ്പെന്‍സര്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2015 ജൂണില്‍ ഇന്റര്‍നാഷണല്‍ റെസ്‍ക്യൂ കമ്മിറ്റി 190 സ്ത്രീകളിലും പെണ്‍കുട്ടികളിലുമായി ഒരു സര്‍വെ നടത്തിയിരുന്നു. മരുന്നിനും ഭക്ഷണത്തിനും വേണ്ടി അവരില്‍ 40 ശതമാനവും നിര്‍ബന്ധിത ലൈംഗികബന്ധത്തിന് ഇരയായതായി വെളിപ്പെടുത്തി.
സിറിയയിലെ തെക്കന്‍ ജില്ലയായ ഘൌത്തയില്‍ രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ 340 മരണം സംഭവിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 561 പേര്‍ കൊല്ലപ്പെട്ടെന്ന് സ്വതന്ത്ര്യ അന്വേഷണ ഏജന്‍സിയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റൈറ്റ്സും കണക്കാക്കുന്നു. ഇതില്‍ 185 പേര്‍ കുട്ടികളും 109 സ്ത്രീകളുമാണ്. ഫെബ്രുവരി പത്തൊന്‍പതാം തീയതി റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ സിറിയന്‍ സേന തുടങ്ങിവെച്ച യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിന് പേരെ കൊല്ലുകയും ലക്ഷങ്ങളുടെ വീട് ഇല്ലാതാക്കുകയും ചെയ്തു. പ്രദേശത്തെ ആറോളം ആശുപത്രികളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്.
Adjust Story Font
16