Quantcast

അമേരിക്കയില്‍ നിയമപരമല്ലാതെ എത്തിയവരെ തിരിച്ചയക്കും: ട്രംപ് 

കുടിയേറ്റക്കാർ നിയമപരമായ പ്രക്രിയകൾ ഒന്നുമില്ലാതെ ഉടൻ തിരിച്ചുപോവേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    25 Jun 2018 3:03 AM GMT

അമേരിക്കയില്‍ നിയമപരമല്ലാതെ എത്തിയവരെ തിരിച്ചയക്കും: ട്രംപ് 
X

അമേരിക്കയിലേക്ക് നിയമപരമല്ലാതെ എത്തിച്ചേർന്ന മുഴുവന്‍ പേരെയും തിരിച്ചയക്കുമെന്ന പ്രസ്താവനയുമായി വീണ്ടും ഡോണാള്‍ഡ് ട്രംപ് രംഗത്ത്. കുടിയേറ്റ നിയമങ്ങൾ ശക്തമാക്കിയതിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമാവുന്നതിനിടെയാണ് നിയമം കടുപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം. കുടിയേറ്റക്കാർ നിയമപരമായ പ്രക്രിയകൾ ഒന്നുമില്ലാതെ ഉടൻ തിരിച്ചുപോവേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

മതിയായ രേഖകളില്ലാതെ കുടിയേറ്റക്കാർക്ക് ചില അവകാശങ്ങൾ അമേരിക്കൻ കുടിയേറ്റ നിയമം ഉറപ്പുവരുത്തുന്നുണ്ട്. തിരിച്ചയക്കുന്നതിന് മുന്‍പെ ജഡ്ജിയുടെ സാന്നിധ്യത്തിൽ വിചാരണ ചെയ്യണമെന്നാണ് നിയമത്തിൽ പ്രസ്താവിച്ചിട്ടുള്ള പ്രധാന വസ്തുത. എന്നാൽ നിയമപരമായ ഒരവകാശവും ലഭ്യമാക്കാതെ ഉടനടി കുടിയേറിയവര്‍ തിരിച്ചുപോകണമെന്നാണ് തന്റെ ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കുന്നത്. ട്രംപിന്റെ നയങ്ങളിലുള്ള പ്രതിഷേധം അമേരിക്കന്‍ നഗരങ്ങളിൽ ഇതേവരെ അവസാനിച്ചിട്ടില്ല.

മെക്സിക്കോ അതിർത്തി നിയമം ലംഘിച്ച് കടന്ന കുട്ടികളെയും രക്ഷിതാക്കളെയും താമസിപ്പിച്ചിട്ടുള്ള ടൊർണില്ലോയിൽ നിരവധി പേരാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ശക്തമായ നിരീക്ഷണത്തിലാണ് ഈ നഗരം. അഭയാർഥികളോടും മറ്റ് കുടിയേറ്റക്കാരോടുമുള്ള ട്രംപിന്റെ സമീപനം യാതൊരു വേർതിരിവുമില്ലാത്തതാണെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ നിന്നും പോലും കടുത്ത വിമർശനമാണ് ട്രംപ് നേരിടുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരത്തിലധികം കുട്ടികളാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങളിലെ കാർക്കശ്യം മൂലം മാതാപിതാക്കളിൽ നിന്ന് വേർപെട്ടത്. അഞ്ച് ദിവസം മുന്‍പ് നയങ്ങളിൽ നിന്ന് പിന്മാറുന്നതായി ട്രംപ് അറിയിച്ചിരുന്നു. കുട്ടികളെ വേർപെടുത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

TAGS :

Next Story