പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫും മകളും അറസ്റ്റില്‍
അറസ്റ്റ് ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോള്‍; ഇരുവരുടെയും പാസ്‍പോര്‍ട്ടും പിടിച്ചെടുത്തു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ശെരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റ്. ഇരുവരുടെയും പാസ്‍പോര്‍ട്ടും പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാത്രി 8.45നാണ് നവാസ് ശെരീഫും മകള്‍ മറിയവും ലാഹോറില്‍ വിമാനം ഇറങ്ങിയത്. ലാഹോറിലെ അല്ലാമ ഇഖ്‍ബാല്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും പാസ്‍പോര്‍ട്ടും പിടിച്ചെടുത്തു. തുടര്‍ന്ന് ഇരുവരെയും റാവല്‍പിണ്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
സുരക്ഷക്കായി ലാഹോറില്‍ 10,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ഷെരീഫിന് അനുമതി നൽകി.
അഴിമതി ആരോപണത്തെ തുടര്‍ന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെ അഴിമതി വിരുദ്ധ കോടതി പത്ത് വര്‍ഷം തടവും 80 ലക്ഷം പൌണ്ട് പിഴയും ശിക്ഷ വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശെരീഫിന്റെ അറസ്റ്റ്.
Adjust Story Font
16