Quantcast

ആണവകരാര്‍ പിന്‍മാറ്റത്തെത്തുടര്‍ന്ന് രൂപപ്പെട്ട ഉപരോധം മറികടക്കാനുറച്ച് ഇറാന്‍

എണ്ണ വില്‍പന തടഞ്ഞാല്‍ മേഖലയിലെ എണ്ണ കയറ്റുമതിയും ചരക്ക് നീക്കവും തടയുമെന്ന സൂചന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഈ നല്‍കി

MediaOne Logo

Web Desk

  • Published:

    22 July 2018 3:26 AM GMT

ആണവകരാര്‍ പിന്‍മാറ്റത്തെത്തുടര്‍ന്ന് രൂപപ്പെട്ട ഉപരോധം മറികടക്കാനുറച്ച് ഇറാന്‍
X

ആണവകരാറില്‍ നിന്നുള്ള പിന്‍മാറ്റത്തെത്തുടര്‍ന്ന് രൂപപ്പെട്ട ഉപരോധം മറികടക്കാനുറച്ച് ഇറാന്‍. എണ്ണ വില്‍പന തടഞ്ഞാല്‍ മേഖലയിലെ എണ്ണ കയറ്റുമതിയും ചരക്ക് നീക്കവും തടയുമെന്ന സൂചന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഈ നല്‍കി. ഹോര്‍മുസ് കടലിടുക്കിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഖംനാഈയുടെ പ്രതികരണം.

ആണവകരാറില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് വിവിധ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പല രാജ്യങ്ങളും അമേരിക്കയുടെ ഭീഷണിയെത്തുടര്‍ന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്ന ഈ നടപടിയെ ശക്തമായി നേരിടുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.

വില്‍പന തടഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്ക് വഴി അയല്‍ രാജ്യങ്ങള്‍ നടത്തുന്ന എണ്ണ വ്യാപാരം തടസ്സപ്പെടുത്തുമെന്നായിരുന്നു ഇറാന്‍ പ്രസിഡന്റെ ഹസ്സന്‍ റൂഹാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എണ്ണ കപ്പലുകളുടെ പ്രധാന സഞ്ചാര പാതയായ ഹോര്‍മുസ് തടസ്സപ്പെട്ടാല്‍ ചരക്ക് നീക്കം താറുമാറാകും. സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ എണ്ണ വ്യാപാരത്തേയും ഇത് പ്രതികൂലമായി ബാധിക്കും. റൂഹാനിയുടെ ഫോര്‍മുലക്ക് പിന്തുണയുമായി സൈന്യം അന്ന് തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മൗനം പാലിച്ചിരുന്ന പരമോന്നത നേതാവ് ആയത്തുള്ള ഖംനാഈ റൂഹാനിയുടെ നിലപാടിനോട് യോജിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഹോര്‍മുസ് തടസ്സപ്പെട്ടാല്‍ അത് ഏറ്റവുമധികം പ്രതിസന്ധിയിലാക്കുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളേയാകും. 2016ല്‍ മാത്രം 18.5മില്യണ്‍ ബാരല്‍ എണ്ണയാണ് ഹോര്‍മുസ് വഴി കൊണ്ടു പോയത്.

TAGS :

Next Story