Quantcast

ഗൾഫിൽ ഇറാൻ പടയൊരുക്കം തുടങ്ങിയെന്ന് മുന്നറിയിപ്പുമായി അമേരിക്ക

സമുദ്രമേഖലയിൽ സൈനികാഭ്യാസങ്ങൾക്ക് ഇറാൻ മുന്നൊരുക്കം തുടങ്ങിയതായി യു.എസ്. ഇറാന്‍ നടപടി സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ച് അമേരിക്കനടത്തുന്ന സൈനികനടപടിയെ ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

MediaOne Logo

Web Desk

  • Published:

    3 Aug 2018 2:48 AM GMT

ഗൾഫിൽ ഇറാൻ പടയൊരുക്കം തുടങ്ങിയെന്ന് മുന്നറിയിപ്പുമായി അമേരിക്ക
X

അമേരിക്കയുടെ ഭാഗത്തു നിന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് ഗൾഫ് മേഖലയിൽ സൈനിക മുന്നൊരുക്കവുമായി ഇറാൻ. സഖ്യരാജ്യങ്ങളുടെ പിന്തുണയോടെ യു.എസ് നടത്തുന്ന ഏതൊരു സൈനിക നടപടിയും ചെറുത്തു തോൽപിക്കുമെന്ന് ഇറാൻ നേതൃത്വം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

ഗൾഫ് സമുദ്രമേഖലയിൽ വിപുലമായ സൈനികാഭ്യാസങ്ങൾക്ക് ഇറാൻ മുന്നൊരുക്കം തുടങ്ങിയതായി യു.എസ് ഉദ്യോഗസ്ഥർ തന്നെയാണ് വെളിപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിലും ഒമാൻ സമുദ്ര മേഖലയിലും ഇറാൻ നാവിക സേന നടത്തുന്ന മുന്നൊരുക്കത്തെ ജാഗ്രതയോടെയാണ് നോക്കി കാണുന്നതെന്ന് പശ്ചിമേഷ്യയിലെ യു.എസ് സെൻട്രൽ കമാന്റിലെ നാവിക സേനാ മുഖ്യ വക്താവ് ബിൽ അർബൻ പറഞ്ഞു. കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. അന്താരാഷ്ട്ര സമുദ്ര സഞ്ചാര പാതയിൽ തടസങ്ങൾ ഇല്ലാതാക്കാൻ സഖ്യകക്ഷികൾക്കൊപ്പം നീക്കം നടത്തുമെന്നും വക്താവ് പ്രതികരിച്ചു.

സമുദ്ര മേഖലയിലെ സൈനികാഭ്യാസ പ്രവർത്തനങ്ങളിൽ നൂറിലേറെ ബോട്ടുകളും നിരവധി ഇറാൻ റവലൂഷനറി സൈനികരും പങ്കെടുത്തേക്കുമെന്നാണ് വിവരം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാന്റെ സൈനികാഭ്യാസം അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. ആണവ കരാറിൽ നിന്ന് പിൻവലിഞ്ഞതോടെ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ച് ഇറാനെതിരെ ഉപരോധ നടപടികൾ കൊണ്ടുവരാനുള്ള തിരക്കിട്ട നീക്കത്തിലാണ് അമേരിക്ക.

ഇറാനെ വെറുതെ വിടില്ലെന്ന് അടുത്തിടെ മുന്നറിയിപ്പ് നൽകിയ യു.എസ് പ്രസിഡൻറ് ട്രംപ് പിന്നീട് താക്കീത് മയപ്പെടുത്തുകയും തെഹ്റാനുമായി ചർച്ചക്ക് ഒരുക്കമാണെന്നും വ്യക്തമാക്കിയിരുന്നു. തങ്ങളുടെ എണ്ണവ്യാപാരം തടഞ്ഞാൽ ഹോർമുസ് കടലിടുക്ക് മുഖേനയുള്ള എണ്ണവിതരണം സ്തംഭിപ്പിക്കുമെന്നാണ് ഇറാൻ നൽകുന്ന മുന്നറിയിപ്പ്.

ഇറാൻ ഹോർമുസ് കപ്പൽ ചാൽ അടച്ചാലുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഗൾഫ് രാഷ്ട്രങ്ങൾ സജ്ജമെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി

ഇറാൻ ഹോർമുസ് കപ്പൽ ചാൽ അടച്ചാലുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഗൾഫ് രാഷ്ട്രങ്ങൾ സജ്ജമെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി. സൗദി അറേബ്യയുമായുള്ള സംയുക്ത എണ്ണ ഉത്പാദനം ഈവർഷം അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അൽസൂർ എണ്ണശുദ്ധീകരണ ശാല സന്ദർശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കുവൈത്ത് പെട്രോളിയം മന്ത്രി ബഖീത് അൽ റഷീദി ഇക്കാര്യങ്ങൾ പറഞ്ഞത്. അമേരിക്ക ഉപരോധം ശക്തമാക്കിയാൽ ഹോർമുസ് കപ്പൽ ചാൽ അടക്കുമെന്നു ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് മറികടക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജിസിസി രാജ്യങ്ങൾ കൈക്കൊണ്ടതായി മന്ത്രി പറഞ്ഞു. പേർഷ്യൻ ഉൾക്കടലിലെ തന്ത്ര പ്രധാന ജലപാതയായ ഹോർമൂസ് കടലിടുക്കു വഴിയാണ് ഇറാനിലെയും ഗൾഫ് മേഖലയിലെയും എണ്ണവ്യാപാരത്തിന്റെ നല്ലൊരു ശതമാനം കടന്നു പോകുന്നത്. അമേരിക്കയുമായുള്ള പ്രശ്നങ്ങൾ തുടർന്ന് ഇറാൻ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം വിലക്കിയാൽ കുവൈത്ത് ഉൾപ്പെടെയുള്ള എണ്ണ കയറ്റുമതി രാജ്യങ്ങൾക്കു വലിയ തിരിച്ചടിയാകും. എന്നാൽ ജിസിസി രാജ്യങ്ങൾ അത്തരം സാഹചര്യങ്ങൾ മറികടക്കുന്നതിന് സുസജ്ജമാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് കുവൈത്ത് പെട്രോളിയം മന്ത്രി. സ്വതന്ത്ര മേഖലയിലെ സംയുക്ത എണ്ണയുത്പാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ സൗദി അറേബിയയുമായി ചർച്ചകൾ തുടരുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഇറാഖിൽ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി കാര്യത്തിലും വൈകാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story