ഭാര്യയെ കൊല്ലാന്‍ സ്വന്തം വീട്ടിലേക്ക് വിമാനം ഇടിച്ചുകയറ്റി
കുടുംബവഴക്കിനെ തുടര്‍ന്ന് പൊലീസ് പിടിയിലായിരുന്ന യൂദ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.
സ്വന്തം വീട്ടിലേക്ക് പൈലറ്റായ അമേരിക്കക്കാരന്‍ ചെറുവിമാനം ഇടിച്ചുകയറ്റി. ഭാര്യയെ വധിക്കുകയെന്ന ലക്ഷ്യത്തിലാണ് ഡ്വെന്‍ യൂദ്(47) ഈ കടുംകൈക്ക് മുതിര്‍ന്നതെന്നാണ് സൂചന. കുടുംബവഴക്കിനെ തുടര്‍ന്ന് പൊലീസ് പിടിയിലായിരുന്ന യൂദ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.
അമേരിക്കയിലെ അരിസോണയിലെ പേസണ്‍ എന്ന സ്ഥലത്തായിരുന്നു സംഭവം അരങ്ങേറിയത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ മദ്യപിക്കുന്നതിനിടെ യൂദും ഭാര്യയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസെന്ന് യൂദിനെ അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. രാത്രി 9.20ന് ഇയാളെ ഉട്ടാ കൗണ്ടി ജയിലിലെത്തിച്ചു. അവിടെ വെച്ച് എടുത്ത ചിത്രത്തില്‍ ഇയാളുടെ മുഖത്ത് പരിക്കേറ്റതിന്റെ പാടുകളുണ്ട്.
മണിക്കൂറുകള്‍ക്ക് ശേഷം യൂദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച്ച യൂദ് പൊലീസില്‍ വിളിച്ച് തന്റെ സ്വകാര്യമായ ചില വസ്തുക്കളെടുക്കാനായി വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. പൊലീസിന്റെ അനുമതിയോടെ വീട്ടില്‍ പോയി ചില സാധനങ്ങളെടുത്ത് യൂദ് മടങ്ങുകയും ചെയ്തു.
വീട്ടില്‍ നിന്നും മടങ്ങിയ യൂദ് നേരെ സ്പാനിഷ് ഫോര്‍ക്ക് വിമാനത്താവളത്തിലേക്കാണ് പോയത്. ഇവിടെ പൈലറ്റായി ജോലി ചെയ്തിരുന്ന യൂദിന് അങ്ങോട്ട് പ്രവേശിക്കുന്നതിന് തടസങ്ങളൊന്നുമുണ്ടായതുമില്ല. അവിടെ നിന്നും സെസ്‌ന സൈറ്റേഷന്‍ 525 എന്ന ചെറു ജെറ്റ് വിമാനം ഇയാള്‍ പറത്തി സ്വന്തം വീട്ടിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും നേരിട്ട് വീട്ടിലേക്കാണ് ഇയാള്‍ പറത്തിയത്. വീടിന്റെ മുന്‍ ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറക്കിയത്. വിമാനം പറത്തിയിരുന്ന യൂദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഭാര്യയും വീട്ടിലുണ്ടായിരുന്ന ഒരു മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പിതാവിനെക്കുറിച്ച് നല്ലതു മാത്രമാണ് മക്കള്‍ പറഞ്ഞത്. യൂദിനെ പിതാവെന്ന് വിളിക്കാന്‍ കഴിഞ്ഞതു തന്നെ അനുഗ്രഹമായി കരുതുന്നുവെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന 17 വയസുകാരനായ പാര്‍ക്കര്‍ യൂദ് പറഞ്ഞു. തനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും സ്‌നേഹം നിറഞ്ഞ പുരുഷനെന്നാണ് യൂദിനെ മകളായ ജോഷ്‌ലി വിശേഷിപ്പിച്ചത്. പിതാവും രണ്ടാനമ്മയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് മക്കള്‍ പൊലീസിനോട് പറഞ്ഞത്.
Adjust Story Font
16