ന്യൂസിലൻഡിലെ വനിതാക്ഷേമമന്ത്രി പ്രസവത്തിന് ആശുപത്രിയിലെത്തിയത് സൈക്കിളില്‍
കുന്നുകളും ഇറക്കങ്ങളും ഉള്ള വഴിയിലൂടെയായിരുന്നു 42 ആഴ്ച ഗർഭിണിയായ മന്ത്രിയുടേയും പങ്കാളിയുടെയും യാത്ര. ഇതിന്‍റെ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
ന്യൂസിലൻഡിൽ പൂർണഗർഭിണിയായ വനിതാ മന്ത്രി പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് സൈക്കിളിൽ. ഇവിടെ എത്തിയതിനു പിന്നാലെ ആദ്യ കുഞ്ഞിനു ജന്മവും നൽകി. ന്യൂസിലൻഡിലെ വനിതാക്ഷേമമന്ത്രി ജൂലി ആൻ ജെന്‍ററാണ് (38) പ്രസവത്തിനായി സൈക്കിളിലെത്തി ലോകത്തെ അദ്ഭുതപ്പെടുത്തിയത്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സന്തോഷവാർത്തയും മന്ത്രി പങ്കുവെച്ചു. പങ്കാളിക്കൊപ്പമുള്ള സൈക്കിൾ യാത്രയുടെ ചിത്രവും അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഗ്രീൻ പാർട്ടിക്കാരിയായ ജൂലിയും പങ്കാളിയും ഞായറാഴ്ച രാവിലെയാണ് ആശുപത്രിയിലേക്കു സൈക്കിളിൽ തിരിച്ചത്. കാറിൽ മതിയായ സ്ഥലമില്ലെന്നായിരുന്നു സൈക്കിൾ യാത്രയ്ക്കു മന്ത്രി കാരണം പറഞ്ഞത്. ഓക്‌ലൻഡിലെ സർക്കാർ ആശുപത്രിയായ സിറ്റി ഹോസ്പിറ്റലിലായിരുന്നു മന്ത്രിയുടെ പ്രസവശുശ്രൂഷ നടന്നത്. കുന്നുകളും ഇറക്കങ്ങളും ഉള്ള വഴിയിലൂടെയായിരുന്നു 42 ആഴ്ച ഗർഭിണിയായ മന്ത്രിയുടേയും പങ്കാളിയുടെയും യാത്ര. ഇതിന്‍റെ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പരിസര മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നയാളാണ് ഗതാഗത വകുപ്പിലെ ഉപമന്ത്രിയായ ഈ 38കാരി.
അടുത്തിടെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണും കുഞ്ഞിന് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയിരുന്നു.
Adjust Story Font
16