ട്രംപ് ഇംപീച്ച്മെന്‍റ് നേരിടേണ്ടിവന്നേക്കുമെന്ന് സഹായി; തന്നെ ഇംപീച്ച് ചെയ്താല്‍ വിപണി തകരുമെന്ന് ട്രംപ്
ട്രംപ‌് ഏതാനും മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌് നേരിടേണ്ടിവരാനുള്ള സാധ്യത വർധിച്ചതായി ട്രംപിന്റെ മുൻ തെരഞ്ഞെടുപ്പ‌് സഹായി മൈക്കൽ കപ്യൂട്ടോ പറഞ്ഞു
തന്നെ ഇംപീച്ച് ചെയ്യാന്‍ നീക്കമുണ്ടായാല്‍ രാജ്യത്തിന്‍റെ വിപണി ഇടിയുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. താൻ പുറത്തുപോയാൽ എല്ലാവരും ദരിദ്രരാകും. രാജ്യം ശക്തമായ തിരിച്ചടി നേരിടും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ എങ്ങനെ ഇംപീച്ച് ചെയ്യാന്‍ കഴിയുമെന്നും ഫോക്സ് ആന്‍റ് ഫ്രന്‍റ്സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ചോദിച്ചു.
സാമ്പത്തികനിയമം ലംഘിച്ച കേസിൽ ട്രംപിൻറെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ കുറ്റംസമ്മതിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ രണ്ട് സ്ത്രീകള്‍ക്ക് 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍കിയതിലൂടെ നിയമലംഘനം നടത്തിയെന്നാണ് കേസ്. താന്‍ പണം നല്‍കിയത് ട്രംപിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കോഹന്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ട്രംപ‌് ഏതാനും മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌് നേരിടേണ്ടിവരാനുള്ള സാധ്യത വർധിച്ചതായി ട്രംപിന്റെ മുൻ തെരഞ്ഞെടുപ്പ‌് സഹായി മൈക്കൽ കപ്യൂട്ടോ പറഞ്ഞു. സാമ്പത്തിക വഞ്ചന, നികുതിവെട്ടിപ്പ‌്, തെരഞ്ഞെടുപ്പിലെ സാമ്പത്തിക ക്രമക്കേട‌്, ബാങ്കുകളിൽ വ്യാജരേഖ നൽകൽ തുടങ്ങി എട്ട‌് കേസുകളിലെ കുറ്റങ്ങളിലാണ‌് മൈക്കൽ കോഹൻ കുറ്റസമ്മതമൊഴി നൽകിയത‌്. ട്രംപിനെ ഇംപീച്ച‌് ചെയ്യാൻ ഈ കാരണങ്ങൾ മതിയെന്നാണ‌് കപ്യൂട്ടോയുടെ വിലയിരുത്തല്‍.
Adjust Story Font
16