പലസ്തീന്‍ ഗ്രാമം ഇടിച്ചു നിരത്താൻ ഇസ്രയേൽ കോടതി വിധി
ബെഡോയിൻ അറബ് ഗോത്രവിഭാഗക്കാർ താമസിക്കുന്ന വെസ്റ്റ്ബാങ്കിലെ ഗ്രാമമാണ് അൽ അഹ്‌മർ.
പലസ്തീനിലെ ഖാൻ അൽ അഹ്‍മര്‍ ഗ്രാമം ഇടിച്ചു നിരത്താൻ ഇസ്രയേൽ കോടതി വിധി. ഇതോടെ ഗ്രാമത്തിലെ 180 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരു. ഖാൻ അൽ അഹ്‍മര്‍ ഗ്രാമം കയ്യടക്കുന്നതോടെ വെസ്റ്റ്ബാങ്ക് രണ്ടായി വിഭജിക്കാനാണ് ഇസ്രയേലിന്‍റെ പദ്ധതി
ബെഡോയിൻ അറബ് ഗോത്രവിഭാഗക്കാർ താമസിക്കുന്ന വെസ്റ്റ്ബാങ്കിലെ ഗ്രാമമാണ് അൽ അഹ്‌മർ. ജെറുസലേമിന് കിലോമീറ്ററുകൾ മാത്രം അകലെ ഇസ്രയേൽ അനധികൃതമായി പണിത രണ്ട് കെട്ടിടങ്ങൾക്ക് നടുവിലാണ് അൽ അഹ്‍മര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാലെ അഡുമിം, കഫാർ അഡുമിം എന്നീ കെട്ടിടങ്ങൾ വികസിപ്പിക്കാനുള്ള ആലോചനയിലാണ് ഇസ്രയേൽ.
ഇതിന്‍റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് കരുതുന്നത്. ബെഡോയിൻ അറബ് ഗോത്രവിഭാഗത്തിൽ പെട്ട 180 കുടുംബങ്ങൾ ഇവിടെയുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതോടെ വെസ്റ്റ്ബാങ്ക് രണ്ടായി വിഭജിക്കാനാണ് ഇസ്രയേൽ നീക്കം. ഗ്രാമം ഒഴിപ്പിക്കാനുള്ള വിധിക്കെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഒരാഴ്ചത്തേക്ക് ഗ്രാമം ഇടിച്ചുനിരത്തുന്നതിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം സൈന്യം ഖാൻ അൽ അഹ്‍മര്‍ ഗ്രാമം ഇടിച്ചു നിരത്തും. ഇസ്രയേലിന്‍റെ നീക്കം യുദ്ധക്കുറ്റമാണെന്നായിരുന്നു ഗ്രാമവാസികളുടെ പ്രതികരണം.
ഇസ്രയേലിന്‍റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെസ്റ്റ്ബാങ്കിൽ നിന്ന് കിഴക്കൻ ജറുസലേമിനെ പൂർണമായും മുറിച്ചുമാറ്റാനാണ് ഇസ്രയേലിന്‍റെ നീക്കമെന്നും പലസ്തീൻ അതോറിറ്റി പ്രതികരിച്ചു. നിയമവിരുദ്ധമായ ഈ തീരുമാനം ഇസ്രയേലിന്‍റെ അധിനിവേശ ഡി.എൻ.എ തുറന്നുകാട്ടിയെന്നും അതോറിറ്റി കുറ്റപ്പെടുത്തി. ഖാൻ അൽ അഹ്‍മറിന് 12 കിലോമീറ്റർ അകലെയുള്ള പലസ്തീൻ ഗ്രാമമായ അബു ദിസിലേക്ക് ഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. മാലിന്യസംസ്കരണ കേന്ദ്രത്തിന് സമീപമാണ് ഈ പ്രദേശം. ഖാൻ അൽ അഹ്‍മറിനെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.
Adjust Story Font
16