സ്വന്തം അപ്പാർട്മെന്റിൽ അതിക്രമിച്ചു കയറിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ വെടിവെച്ചു കൊന്നു; പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
സ്വന്തം അപ്പാർട്മെന്റിനുള്ളിൽ നിൽക്കുകയായിരുന്ന യുവാവിനെ തന്റെ വീട്ടിനുള്ളിലാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിലായി. അമേരിക്കയിലെ ദല്ലാസിലാണ് ദാരുണമായ സംഭവം നടന്നത്.
26 കാരനായ ബോതം ജീനിനെ വെടിവെച്ചു കൊന്നതിന് പൊലീസ് ഉദ്യോഗസ്ഥ ആംബർ ഗുയ്ഗർ ആണ് അറസ്റ്റിലായത്. കൗഫ്മാൻ കൗണ്ടി ജയിലിൽ അടക്കപ്പെട്ട ഗുയ്ഗർ $300000 ഡോളർ ജാമ്യത്തുക നൽകിയതിനെ തുടർന്ന് ജയിൽ മോചിതയായി എന്നും എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ദല്ലാസിലെ തന്റെ അപാർട്മെന്റ് കോംപ്ലെക്സിലെത്തിയ 30 കാരിയായ ഗുയ്ഗർ തന്റെ അപ്പാർട്മെന്റാണെന്ന് കരുതി ജീനിന്റെ വീട്ടിൽ കയറി. ആ സമയം ജീൻ തന്റെ അപ്പാർട്മെന്റിനുള്ളിൽ ഉണ്ടായിരുന്നു. അപ്പാർട്ടിനുള്ളിൽ വെച്ച് ഗുയ്ഗറും ജീനും തമ്മിൽ നടന്ന കാര്യം വ്യക്തമല്ലെങ്കിലും ഗുയ്ഗർ തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ജീനിനെതിരെ പ്രയോഗിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നാലു വർഷമായി പൊലീസ് സർവീസിലുള്ള ഗുയ്ഗർ സഹായത്തിനായി 911 ൽ ബന്ധപ്പെട്ടിരുന്നു. ജീനിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഗുയ്ഗറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവ സമയത്ത് ഗുയ്ഗർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാനായി അവരുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഒരു പ്രാദേശിക ചർച്ചിലെ അംഗവും പ്രശസ്തമായ ഒരു അക്കൗണ്ടിംഗ് കമ്പനിയിലെ ജീവനക്കാരനുമായിരുന്നു ജീൻ. കരീബിയന് ദ്വീപ് രാഷ്ട്രമായ സൈന്റ്റ് ലൂസിയയിൽ ജനിച്ചു വളർന്ന ജീൻ 'അമ്മ അല്ലിസൺ ജീനിനൊപ്പം യു.എസിലായിരുന്നു താമസം.
Adjust Story Font
16