ഉത്തര-ദക്ഷിണ കൊറിയ രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച നാളെ
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ വെച്ച് മൂന്ന് നാള്‍ നീളുന്ന ഉച്ചകോടിക്കാണ് നാളെ തുടക്കമാകുക
ഉത്തര-ദക്ഷിണ കൊറിയ രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയില്‍ സുപ്രധാനമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. കൊറിയന്‍ തീരത്തെ ആണവമുക്തമാക്കുന്നതിനായിരിക്കും കൂടുതല്‍ പ്രധാന്യം. ഉത്തരകൊറിയക്കെതിരെ നിലവിലുള്ള ഉപരോധവും ചര്‍ച്ചയായേക്കും. നാളെയാണ് ഇരു നേതാക്കളുടെയും ചരിത്രപരമായ കൂടിക്കാഴ്ച നടക്കുക.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ വെച്ച് മൂന്ന് നാള്‍ നീളുന്ന ഉച്ചകോടിക്കാണ് നാളെ തുടക്കമാകുക. അതിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍-ജെ-ഇന്‍ പ്യോങ്‌യാങിലെത്തും. അദ്ദേഹത്തോടൊപ്പം 200ലധികം ഉദ്യോഗസ്ഥരും പ്യോങ്‌യോങിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കിം-ജോങ്-ഉന്നും, മൂണ്‍-ജെ-ഇന്നും ആദ്യമായാണ് ഉത്തരകൊറിയന്‍ തലസ്ഥാനത്ത് വെച്ച് കൂടിക്കാഴ്ച നടത്തുന്നതെന്നത് ചരിത്രപ്രാധാന്യമുള്ളതാണ്. ഇരുവരും തമ്മിലെ കൂടിക്കാഴ്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ എന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉത്തര-ദക്ഷിണ കൊറിയ ഉച്ചകോടി. കൊറിയന്‍ തീരത്തെ ആണവമുക്തമാക്കുക തന്നെയാണ് ദക്ഷിണകൊറിയ ചര്‍ച്ച കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ ഉത്തരകൊറിയയുമായുള്ള ബന്ധം എല്ലാ മേഖലയിലും മെച്ചപ്പെടുത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു. വനസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ദക്ഷിണ കൊറിയ സഹകരണം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയക്ക് മേല്‍ യു.എന്‍ സുരക്ഷാ കൌണ്‍സിലിന്റെ ഉപരോധം നിലനില്‍ക്കുന്നത് വെല്ലുവിളിയാണ്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഉത്തരകൊറിയയെ സംബന്ധിച്ച് ഏത് വിധേനയും സാമ്പത്തിക ഉപരോധം മറികടക്കുക എന്നതായിരിക്കും ലക്ഷ്യം. അതിനായി ഏതുതരത്തിലുള്ള വിട്ടുവീഴ്ചക്കും കിം-ജോങ്-ഉന്‍ ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Adjust Story Font
16