അഭയാര്‍ത്ഥി പ്രശ്നത്തില്‍ ഇറ്റലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ്
അഭയാര്‍ത്ഥികളെ അടിമകളോട് ഉപമിക്കുന്ന സാല്‍വീനിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അഭയാര്‍ത്ഥി പ്രശ്നത്തില്‍ ഇറ്റലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ്. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മറ്റെഓ സാല്‍വീനിക്കെതിരെ ഫ്രഞ്ച് യൂറോപ്പ് കാര്യ മന്ത്രി നതാലിയെ ലോയ്സിയൂ ആണ് വിമര്‍ശനമുന്നയിച്ചത്. അഭയാര്‍ത്ഥികളെ അടിമകളോട് ഉപമിക്കുന്ന സാല്‍വീനിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മറ്റെഓ സാല്‍വീനി യേശുവിനെ കുരിശിലേറ്റാന്‍ വിധിച്ച പോണ്ടിയസ് പിലേറ്റിനെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു ഫ്രഞ്ച് യൂറോപ്പ് കാര്യമന്ത്രി നതാലിയെ ലോയ്സിയൂവിന്റെ വിമര്‍ശനം. ഫ്രഞ്ച് റേഡിയോയിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഫ്രഞ്ച് മന്ത്രിയുടെ വിമര്‍ശനം. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ , ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ തയ്യാറായിട്ടും മാള്‍ട്ട തീരത്ത് കപ്പലടുപ്പിക്കാന്‍ ഇററലി അനുവദിച്ചില്ല.
ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഇറ്റാലിയന്‍ ഉപ പ്രധാനമന്ത്രി കൂടിയായ സാല്‍വീനി വലിയ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. ഇറ്റലിയുടെ ഈ നയത്തിനെതിരെയാണ് ലോയ്സിയു വിമര്‍ശനമുന്നയിച്ചത്. ഈ മാസം തുടക്കത്തില്‍ നടത്തിയ പ്രസ്താവനയില്‍ സാല്‍വീനി ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ അടിമകളോടാണ് ഉപമിച്ചത്.
Adjust Story Font
16