Quantcast

ഭൂചലനത്തിന്‍റെ നടുക്കം വിട്ടുമാറാതെ ഇന്തോനേഷ്യ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    3 Oct 2018 2:08 AM GMT

ഭൂചലനത്തിന്‍റെ നടുക്കം വിട്ടുമാറാതെ ഇന്തോനേഷ്യ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
X

ശക്തമായ ഭൂചലനവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ മരണസംഖ്യ 1350 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സുലവേസിയില്‍ നിന്ന് 84 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. പരിക്കേറ്റവരില്‍ കൂടുതല്‍ പേരുടെയും നില ഗുരുതരമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും സുനാമിത്തിരകളും ഇന്തോനേഷ്യയില്‍ നാശം വിതച്ചത്. വിനോദ സഞ്ചാരികള്‍ എത്തുന്ന ഇന്തോനേഷ്യയിലെ പാലു നഗരത്തെയാണ് പ്രധാനമായും സുനാമി ബാധിച്ചത്. കണ്ടെടുക്കുന്ന മൃതദേഹങ്ങളെല്ലാം കൂട്ടത്തോടെ അടക്കം ചെയ്യുകയാണ്.

റോഡുകളും നഗരത്തിലെ പ്രധാന പാലങ്ങളുമെല്ലാം തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചിട്ടുണ്ട്. വൈദ്യുതി, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതും ഇന്ധന ക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഭക്ഷണവും മരുന്നുമൊക്കെ നിശ്ചിത സ്ഥലത്ത് എത്തിക്കാന്‍ കഴിയാതെ വലയുകയാണ് രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. അതേസമയം വെള്ളിയാഴ്ച അടച്ചിട്ട വിമാനത്താവളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന വിമാനങ്ങള്‍ക്ക് മാത്രം ഇറങ്ങാന്‍ അനുമതി നല്‍കി.

പാലുവില്‍ മാത്രം 21,000 പേര്‍ക്കാണ് വീട് നഷ്ടമായത്. കുടിവെള്ളം കിട്ടാത്തതാണ് നഗരം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്തോനേഷ്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story